മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സമഗ്രവികസനത്തിന് പദ്ധതി തയ്യാറാകുന്നു

മുക്കം: മലയോരമേഖലയിലെ പ്രധാന സർക്കാർ ആതുരാലയമായ മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സമഗ്രവികസനത്തിന് പദ്ധതി തയ്യാറാകുന്നു. ഭാവിയിലെ ആവശ്യങ്ങൾകൂടി കണ്ടുകൊണ്ടുള്ള സമഗ്ര മാസ്റ്റർപ്ലാൻ ആയിരിക്കും തയ്യാറാക്കുക.
നിലവിൽ അഞ്ചുഡോക്ടർമാരാണ് സി.എച്ച്.സി.യിലുള്ളത്. സി.എച്ച്.സി. പാറ്റേണിൽ നിലവിൽ ഒഴിവുള്ള തസ്തികകൾ അടിയന്തരമായി നികത്തി സ്റ്റാഫ് പാറ്റേൺ പുതുക്കുന്നതിനുള്ള നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്. ബ്ലോക്ക് സാമൂഹികാരോഗ്യകേന്ദ്രമാക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്. എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് ഐസൊലേഷൻ വാർഡ് നിർമിക്കുന്നതിന് നിലവിൽ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
എൻ.ഐ.ടി.യുടെ സാങ്കേതികസഹായത്തോടെ മാസ്റ്റർപ്ലാൻ തയ്യാറാക്കി തദ്ദേശഭരണ എൻജിനിയറിങ് വിങ്ങിന്റെ നേതൃത്വത്തിൽ വിശദ പദ്ധതിരേഖ തയ്യാറാക്കും.
നബാർഡിന്റെ സഹായധനത്തോടെ ആധുനികസൗകര്യങ്ങളെല്ലാം ഒരുക്കുന്നരീതിയിലാണ് പദ്ധതി രൂപവത്കരിക്കുന്നത്. പദ്ധതി കാലതാമസംകൂടാതെ നടപ്പാക്കുന്നതിന് നഗരസഭാ ഭരണസമിതിയുടെ കീഴിൽ നിരന്തര ശ്രദ്ധയുമുണ്ടാവും.
മുക്കം സി.എച്ച്.സി.യിൽ ചേർന്ന ആശുപത്രി വികസനസമിതിയോഗം ലിന്റോ ജോസഫ് എം. എൽ.എ. ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർമാൻ പി.ടി. ബാബു അധ്യക്ഷനായി. ഡോ. സി.കെ. ഷാജി പദ്ധതി വിശദീകരിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. മോഹൻ, കൗൺസിലർമാരായ അശ്വതി സനൂജ്, വേണു കല്ലുരുട്ടി, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു







