കോടഞ്ചേരി ചെമ്പുകടവ് സ്വദേശി പാലായില്‍ വാഹനാപകടത്തില്‍ മരിച്ചു

കോടഞ്ചേരി: പാലായില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുവൈറ്റിലെ മുന്‍ പ്രവാസികൂടിയായ വീട്ടമ്മ മരിച്ചു. പൂവരണി നയന ക്ലിനിക്കല്‍ ലാബ് ഉടമ ജോര്‍ജിന്‍റെ ഭാര്യ മിനി ജോര്‍ജ് (49) ആണ് മരിച്ചത്. പൂവരണി മൂലേതുണ്ടി റോഡിലാണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ ബൈക്കിന് പിന്നിലിരുന്ന ഇവർ റോഡിൽ തലയടിച്ചു വീഴുകയായിരുന്നു എന്നാണ് വിവരം.
മിനിയുടെ ആദ്യ ഭര്‍ത്താവും ഏക മകളും നേരത്തെ മരിച്ചിരുന്നു. ആലുവയിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിലായിരുന്നു ആദ്യ ഭര്‍ത്താവിന്‍റെ മരണം. അന്ന് കാറിൽ യാത്ര ചെയ്ത 5 പേരിൽ മിനി മാത്രമായിരുന്നു രക്ഷപെട്ടത്.
തിരുവമ്പാടിയിൽ ഇരവഞ്ഞിപൂഴയിൽ ബന്ധുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയാണ് ഏക മകള്‍ നയന മരിച്ചത്. അതിനുശേഷമായിരുന്നു അയര്‍ക്കുന്നം ഒഴുങ്ങാലില്‍ ജോര്‍ജുമായുള്ള വിവാഹം നടന്നത്. കുവൈറ്റില്‍ നിന്നും മടങ്ങിയെത്തിയ ശേഷം പൂവരണിയില്‍ ലാബ് നടത്തുകയായിരുന്നു മിനിയും ജോര്‍ജും.
കോടഞ്ചേരി ചെമ്പുകടവ് വട്ടുകുന്നേല്‍ കുടുംബാംഗമാണ് പരേത. സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ റിഗ്ഗ യൂണിറ്റിലെ സജീവ പ്രവര്‍ത്തകയായിരുന്നു അന്തരിച്ച മിനി.







