Mukkam

ഒറ്റദിവസംകൊണ്ട് വൈദ്യുതിയെത്തിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുങ്ങി; ടീം വെല്‍ഫെയര്‍

മുക്കം: ഒരു വര്‍ഷത്തോളമായി സാങ്കേതികക്കുരുക്കില്‍പെട്ട് വൈദ്യുതി കണക്ഷന്‍ ലഭിക്കാതെ പ്രയാസപ്പെട്ട കുടുംബത്തിന് ഒറ്റ ദിവസം കൊണ്ട് വൈദ്യുതിയെത്തിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍. അയല്‍വീടുകളെ ആശ്രയിച്ച് മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്ത് പഠനം നടത്തിയിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി സ്വന്തം വീട്ടിലിരുന്ന് പഠിക്കാം. നീലേശ്വരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ശ്രീഹരി, സഹോദരങ്ങളായ ഏഴ്, അഞ്ച് ക്ലാസുകളിലെ ഹരികൃഷ്ണന്‍ ഹരിനന്ദന എന്നിവരടങ്ങിയ കുടുംബത്തിനാണ് വൈദ്യുതിയെത്തിയത്. മുക്കം നഗരസഭയിലെ കാഞ്ഞിമുഴി പറശ്ശേരിപ്പറമ്പില്‍ പുരുഷോത്തമന്‍-സോണിയ കുടുംബം വീട്ടില്‍ വൈദ്യുതിയെത്തിയതിന്റെ ആഹ്ലാദത്തിലാണ്.

സംസ്ഥാന വൈദ്യുതി മന്ത്രിയുള്‍പ്പടെയുള്ളവര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിപ്പിലായിരുന്നു ഇവര്‍. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി അംഗം ശംസുദ്ദീന്‍ ചെറുവാടിയുടെയും, ടീം വെല്‍ഫെയര്‍ വൈസ് ക്യാപ്റ്റന്‍ കെ.സി യൂസുഫിന്റെയും നേതൃത്വത്തില്‍ സാങ്കേതിക തടസങ്ങള്‍ പരിഹരിഹരിക്കുകയും കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ രേഖകള്‍ ശരിയാക്കുകയും ചെയ്തു. തടസം നിന്ന മരങ്ങള്‍ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ മുറിച്ചു മാറ്റി നാല് വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിച്ചാണ് കണക്ഷന്‍ നല്‍കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി ചന്ദ്രന്‍ കല്ലുരുട്ടി സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ശംസുദ്ദീന്‍ ചെറുവാടി, യൂസുഫ് കെസി, ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ ഉബൈദ് കൊടപ്പന, വോസ-97 പ്രസിഡന്റ് എം.എ അജ്മല്‍, സേവന വിഭാഗം കണ്‍വീനര്‍ ഷക്കീര്‍ വാവ, അന്‍വര്‍ മുക്കം, ഷബീര്‍ പറശ്ശേരിപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button