വാതകപൈപ്പ് ലൈൻ കുഴിയെടുത്ത ഭാഗങ്ങളിൽ ക്വാറി വേസ്റ്റ് നികത്തിയത് യാത്രകാർക്ക് ദുരിതമാവുന്നു

താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വാതകപൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിയെടുത്ത ഭാഗങ്ങളിൽ പ്രവൃത്തി പൂർത്തിയാക്കി നാളുകൾ പിന്നിട്ടിട്ടും ടാറിങ് യഥാവിധി നടത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു.
താമരശ്ശേരി-ചുങ്കം ഭാഗത്ത് പൈപ്പ് സ്ഥാപിക്കാനായി കുഴിയെടുത്ത് മൂടിയ ഭാഗത്ത് ക്വാറി വേസ്റ്റും മെറ്റലുകളുമിട്ട് നികത്തിയ നിലയിലാണ്. ഉറപ്പില്ലാത്ത ഈ പ്രതലത്തിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹനയാത്രികരിൽ പലരും ഭാഗ്യംകൊണ്ടാണ് ജീവഹാനിയില്ലാതെ കടന്നുപോവുന്നത്.
പോസ്റ്റ് ഓഫീസിന് സമീപത്തെ കുഴി നികത്തിയ ഭാഗത്തുകൂടി സഞ്ചരിക്കവെ വ്യാഴാഴ്ച രാവിലെ സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ് കൊടുവള്ളി സ്വദേശി മുഹമ്മദ് കോയയ്ക്ക് പരിക്കേറ്റിരുന്നു. വലിയ വാഹനങ്ങൾ കുഴി നികത്തിയ ഭാഗത്തുകൂടി കടന്നുപോവുമ്പോൾ കല്ലുകൾ സമീപത്തേക്ക് തെറിക്കുന്നത് മറ്റു വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയുയർത്തുന്നുണ്ട്.
എത്രയും പെട്ടെന്ന് ഈ ഭാഗങ്ങളിൽ ടാറിങ് കാര്യക്ഷമമായി പൂർത്തിയാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.






