രണ്ടുമാസമായി ശമ്പളമില്ല:ഡെന്റൽ ഡോക്ടർമാർ അനിശ്ചിതകാലസമരം തുടങ്ങി.

കോഴിക്കോട്: രണ്ടുമാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഹൗസ് സർജൻസിക്ക് ശേഷം നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരായി (എൻ.എ.ജെ.ആർ.) നിയമിക്കപ്പെട്ട 180 ഡെന്റൽ ഡോക്ടർമാർ അനിശ്ചിതകാലസമരം തുടങ്ങി. ജൂലായ് എട്ടിന് നടത്തിയ സൂചനാ സമരത്തിനുശേഷം നാലുദിവസം കഴിഞ്ഞിട്ടും അധികാരികളുടെ ഭാഗത്തുനിന്നും അനുകൂല നിലപാടൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് ഗവ. ഡെന്റൽ കോളേജ് എൻ.എ.ജെ.ആർ. അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, പി.എച്ച്.സി., മൊബൈൽ കോവിഡ് ടെസ്റ്റിങ്, മെഡിക്കൽ കോളേജ് കോവിഡ് വാർഡ്, വാക്സിനേഷൻ തുടങ്ങി എല്ലാ കോവിഡ് ഡ്യൂട്ടികൾക്കും പുറമെ ഡെന്റൽ കോളേജ് ഡിപ്പാർട്ട്മെന്റ് ഡ്യൂട്ടി, 24 മണിക്കൂർ അത്യാഹിതവിഭാഗം ഡ്യൂട്ടി, ഡെന്റൽ കോളേജ് കോവിഡ് ടെസ്റ്റിങ് ഡ്യൂട്ടികളും ജൂനിയർ ഡോക്ടർമാർ ചെയ്യുന്നുണ്ട്. എൻ.എ.ജെ.ആർ. സാലറിയായ 42000 രൂപ കിട്ടുന്നതുവരെ എല്ലാ ഡ്യൂട്ടികളിൽ നിന്നും വിട്ടുനിന്ന് സമരം തുടരാനാണ് തീരുമാനമെന്ന് അസോസിയേഷൻ അറിയിച്ചു







