നാട്ടുകാർക്ക് വലിയ പ്രതീക്ഷ നൽകി പ്രവൃത്തി ഉദ്ഘാടനം ചെയ്ത മാളിയേക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി കടലാസിൽ മാത്രമായി

കാരശ്ശേരി: നാട്ടുകാർക്ക് വലിയ പ്രതീക്ഷ നൽകി പ്രവൃത്തി ഉദ്ഘാടനം ചെയ്ത മാളിയേക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിർമാണം അനിശ്ചിതമായി നീളുന്നു. കഴിഞ്ഞ ഫെബ്രുവരി 13-ന് അന്നത്തെ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിൽ 200 ഹെക്ടറോളം നെൽവയലടക്കം പ്രദേശത്തെ കാർഷിക മേഖലയുടെ അഭിവൃദ്ധിക്കും വെള്ളക്ഷാമം പരിഹരിക്കുന്നതിനുമുള്ള പദ്ധതിയാണ് നിർമാണം കാത്തുകിടക്കുന്നത്.
ചെറുകിട ജലസേചന വകുപ്പിൽനിന്ന് 1.25 കോടി രൂപയാണ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് അനുവദിച്ചത്. പി.ഡബ്ല്യു.ഡി. യുടെ മെക്കാനിക്കൽ , ഇലക്ട്രിക്കൽ വിഭാഗങ്ങളും ജലസേചന, വൈദ്യുതി വകുപ്പുകളും ഒത്തുചേർന്നാണ് നിർമാണം നടത്തുന്നത്. പുഴയോരത്ത് പമ്പ് ഹൗസും ട്രാൻസ്‌ഫോർമറും കക്കാടംകുന്നിൽ മിനി ടാങ്കും നിർമിച്ച് വെള്ളം കോൺക്രീറ്റ് കനാലുകൾവഴി നെല്ലിക്കാപ്പറമ്പ് വരെ കൃഷിയിടങ്ങളിലേക്കയക്കുന്നതാണ് പദ്ധതി.
മുക്കം വൈദ്യുതി സെക്‌ഷനുകീഴിലാണ് ഹൈടെൻഷൻ ലൈൻ വലിക്കുന്നതും ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതും.ഇരുവഞ്ഞിപ്പുഴയിൽനിന്ന് വെള്ളം പമ്പ് ചെയ്ത് കനാലുകൾ വഴിയും കനാലില്ലാത്തിടത്ത് പൈപ്പുകൾ വഴിയും കൃഷിയിടങ്ങളിലേക്ക് നേരിട്ടയയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവിലുള്ള തോട് നവീകരിച്ച് കനാലിന് പ്രയോജനപ്പെടുത്തും. പദ്ധതി പ്രവർത്തനമാരംഭിച്ച ശേഷവും ആവശ്യാനുസരണം കൂടുതൽ പ്രദേശങ്ങളിലേക്ക് കനാലുകൾ നീട്ടി നൽകാനും കഴിയും







