Thiruvambady

തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരില്ലാത്തത് പഞ്ചായത്തിലെ ആരോഗ്യ മേഖലയുടെ താളം തെറ്റിക്കുന്നു

തിരുവമ്പാടി: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോഴും മതിയായ ജീവനക്കാരില്ലാതെ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ അഭാവംമൂലം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളടക്കം താളം തെറ്റുകയാണ്. രണ്ട് ഹെൽത്ത് ഇൻസ്പെക്ടർ തസ്തികകളുളളതിൽ ഇതുവരെയും ഒരാൾ മാത്രമാണുണ്ടായിരുന്നത്. സ്ഥാനക്കയറ്റം ലഭിച്ച് നിലവിലെ ഇൻസ്‌പെക്ടർ പോയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ജില്ലയിൽ നിലവിൽ ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തികയിൽ ആൾക്ഷാമമുള്ളതിനാൽ നിയമനത്തിന് സാങ്കേതിക തടസ്സമുള്ളതായാണ് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. പ്രമോഷൻ നിയമനം വഴി മാത്രമേ ഒഴിവ് നികത്താൻ കഴിയൂവെന്നും പറയപെടുന്നു.

മതിയായ ജീവനക്കാരില്ലാത്തത് ആരോഗ്യമേഖലയുടെ പ്രവർത്തനത്തെ താറുമാറാക്കുകയും നിലവിലെ ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയായി ഉയർത്തുന്ന അവസ്ഥയുമാണുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ എട്ട് ആരോഗ്യ ഉപകേന്ദ്രങ്ങളും നാല് ആദിവാസി കോളനികളുമുണ്ട്. കോവിഡിന് പുറമെ മഴക്കാലജന്യരോഗങ്ങളും റിപ്പോർട്ട് ചെയ്യാൻ സാധ്യത കൂടിയ പ്രദേശമാണെന്നതും ഗൗരവമായ വിഷയമാണ്. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ അഭാവം ഭക്ഷ്യവിൽപ്പനശാലകളിൽ പരിശോധനയുൾപ്പെടെയുള്ള ആരോഗ്യരക്ഷാ പ്രവർത്തനങ്ങളും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button