കാറ്റിൽ തെങ്ങ് വീണ് മേൽക്കൂര തകർന്നു; ഓട് തലയിൽ പതിച്ച് വീട്ടമ്മയ്ക്കു പരുക്ക്

ഫറോക്ക് ∙ വേനൽ മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ കരുവൻതിരുത്തി മേഖലയിൽ വ്യാപക നാശനഷ്ടം. തെങ്ങ് മുറിഞ്ഞു വീണ് മഠത്തിൽപാടം കിഴക്കേടത്ത് നേറാംകുന്നത്ത് ഖദീജയുടെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഓട് തലയിൽ പതിച്ച് ഖദീജയ്ക്ക്(53) പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരങ്ങൾ വീണും കാറ്റിൽ ഓടുകൾ പാറിപ്പോയും 12 വീടുകൾക്ക് നാശമുണ്ട്. മേഖലയിൽ 19 വൈദ്യുതക്കാലുകൾ പൊട്ടി. മരം വീണു 35 ഇടങ്ങളിൽ വൈദ്യുതക്കമ്പികൾ മുറിഞ്ഞു വിതരണം തടസ്സപ്പെട്ടു.കരുവൻതിരുത്തിക്കടവ്, മുക്കോണം, പാലയിൽപടി, മഠത്തിൽപാടം, വെസ്റ്റ് നല്ലൂർ മേഖലയുൾപ്പെടുന്ന 3 കിലോമീറ്റർ ചുറ്റളവിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. രാത്രി 8.30നു വൻ ശബ്ദത്തിൽ വീശിയടിച്ച കാറ്റിലാണു കനത്ത നാശമുണ്ടായത്.
വില്ലേജിൽ 20 ലക്ഷത്തിന്റെ നാശമുണ്ടായെന്നാണു റവന്യു വകുപ്പിന്റെ പ്രാഥമിക കണക്ക്. കരുവൻതിരുത്തി കടവ് പാലത്തിനു സമീപം റോഡിൽ മരം വീണു തീരദേശ പാതയിൽ ഗതാഗതം നിലച്ചു. മുക്കോണം, പാലയിൽപടി റോഡുകൾക്കു കുറുകെയും മരം വീണു. അഗ്നിശമന സേനയും വില്ലേജിനു കീഴിലെ ദ്രുതം ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്നു മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് വാഹനയാത്ര പുനരാരംഭിച്ചത്. കരുവൻതിരുത്തിക്കടവ് പാലത്തിനു സമീപം മരം വീണു ഹൈ ടെൻഷൻ ലൈൻ ഘടിപ്പിച്ച പോസ്റ്റ് അടക്കം 4 വൈദ്യുതക്കാലുകൾ നിലംപതിച്ചു. ഇതാണ് വൈദ്യുതി വിതരണം പാടേ മുടങ്ങാൻ ഇടയായത്. കെഎസ്ഇബി ജീവനക്കാരുടെ പരിശ്രമത്തിൽ വൈകിട്ടോടെ പരമാവധി ഇടങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു.
പാതിരിക്കാട് പനക്കൽ ഹംസ, പാറപ്പുറത്ത് ഹനീഫ, പനക്കൽ സൈതലവി, മഠത്തിൽപാടം വെമ്മരത്ത് ആലി, കിഴക്കേടത്ത് ആയിഷബീവി, തോട്ടുങ്ങൽ ജാനു, കൗൺസിലർ കെ.എം.അഫ്സൽ, ഫാത്തിമക്കുട്ടി, പെരവൻമാട് മൊയ്തീൻ, പെരവൻമാട് കമ്മദ്കോയ, മാട്ടുമ്മൽ പടന്നക്കോട് കുഞ്ഞാമിന, തെക്കേടത്ത് സുകു, തെക്കേടത്ത് പ്രേമൻ, മണ്ണാറക്കൽ അബ്ദുൽ റസാഖ് എന്നിവരുടെ വീടുകൾക്കാണ് തെങ്ങും മരങ്ങളും വീണും കാറ്റിൽ ഓടുകൾ പാറിപ്പോയും നാശമുണ്ടായത്.നഗരസഭാധ്യക്ഷൻ എൻ.സി.അബ്ദുൽ റസാഖ്, സ്ഥിരം സമിതി അധ്യക്ഷ ഇ.കെ.താഹിറ, കൗൺസിലർമാരായ കെ.എം.അഫ്സൽ, റഹ്മ പാറോൽ, സാജിത കബീർ, വില്ലേജ് ഓഫിസർ കെ.സദാശിവൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.







