Thiruvambady

കൂടരഞ്ഞി പഞ്ചായത്തിൽ ജോസ് തോമസ് മാവറ പ്രസിഡൻറായി

തിരുവമ്പാടി :കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി എൽ.ജെ.ഡി.യിലെ ഏക അംഗം ജോസ് തോമസ്‌ മാവറ തിരഞ്ഞെടുക്കപ്പെട്ടു. 11-ാം വാർഡ് പ്രതിനിധിയാണ് ഇദ്ദേഹം.

ഇടതുമുന്നണി സ്ഥാനാർഥിയായി ജോസ് തോമസ് മാവറയെ ഒന്നാം വാർഡ് മെമ്പർ വി.എസ്. രവീന്ദ്രൻ നിർദേശിച്ചു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ പിന്താങ്ങി. യു.ഡി. എഫിനുവേണ്ടി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് 13-ാം വാർഡ് മെമ്പർ വി.എ. നസീർ സ്ഥാനാർഥിയായി.

എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ട ലിന്റോ ജോസഫ് രാജിവച്ചതിനെത്തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി വൈസ് പ്രസിഡന്റ് കേരള കോൺഗ്രസ് (എം) ലെ മേരി തങ്കച്ചൻ ആയിരുന്നു പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നത്. ഇവർ വൈസ് പ്രസിഡന്റായി തുടരും.

നിലവിൽ കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റാണ് ജോസ് തോമസ് മാവറ. എല്ലാ ഘടകകക്ഷികളേയും മാനിക്കുക എന്ന എൽ.ഡി.എഫിന്റെ മുന്നണി സമവായമാണ് ജനതാദളിലെ ഏക അംഗമായ ജോസ് തോമസ് മാവറയ്ക്ക് തുണയായത്. നിശ്ചിതവർഷത്തേക്ക് മാത്രമായാണ് പ്രസിഡന്റ് പദവി. തുടർന്ന് സി.പി.എം. തന്നെ പദവി ഏറ്റെടുക്കുമെന്നറിയുന്നു.

14 അംഗ ഭരണസമിതിയിൽ ഒമ്പത് അംഗങ്ങളാണ് എൽ.ഡി.എഫിനുണ്ടായിരുന്നത്. ഒഴിവുവന്ന കൂമ്പാറ വാർഡിൽ (7) ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഗ്രാമപ്പഞ്ചായത്ത് മീറ്റിങ്‌ ഹാളിൽ നടന്ന ഭരണസമിതി യോഗത്തിൽ ആണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ലീഗൽ മെട്രോളജി അസി. കൺട്രോളർ സജിത്ത് രാജായിരുന്നു വരണാധികാരി. പഞ്ചായത്ത് സെക്രട്ടറി എ. അൻസു തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു

Related Articles

Leave a Reply

Back to top button