സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക പദ്ധതി; മന്ത്രി കെ രാജന്‍

കോഴിക്കോട്: ജില്ലയിലെ സര്‍വ്വേ നടക്കാത്ത വില്ലേജുകളിലെ സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കുന്നതിന് പ്രത്യേക പദ്ധതി ഉടന്‍ തയ്യാറാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. റവന്യൂ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ള ‘വിഷന്‍ ആന്റ് മിഷന്‍’ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എം എല്‍ എ മാരുമായുള്ള യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോഴിക്കോടിന്റെ മലയോര മേഖലകളില്‍ ഒരു തരത്തിലുള്ള ഭൂസര്‍വ്വേകളും നടക്കാത്ത വില്ലേജുകളുണ്ടെന്ന് എം എല്‍ എമാര്‍ ചൂണ്ടിക്കാട്ടി.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് എം എല്‍ എമാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ പ്രത്യേക സെല്‍ രൂപീകരിച്ചതായും മന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ റീസര്‍വ്വേ നടപടി വേഗത്തിലാക്കുന്നതു സംബന്ധിച്ചും പട്ടയ വിതരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനെ കുറിച്ചും വടകരയിലെ റവന്യൂ ടവര്‍, കോഴിക്കോട്ടെ സിവില്‍ സ്റ്റേഷന്‍ എന്നിവയുടെ നവീകരണം, വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കല്‍ എന്നിവയും യോഗം ചര്‍ച്ച ചെയ്തു.
യോഗത്തില്‍ മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, എം എല്‍ എമാരായ ടി പി രാമകൃഷ്ണന്‍, എം കെ മുനീര്‍, ഇ കെ വിജയന്‍, കെ പി കുഞ്ഞമ്മദ് കുട്ടി, പി ടി എ റഹീം, കാനത്തില്‍ ജമീല, തോട്ടത്തില്‍ രവീന്ദ്രന്‍, ലിന്റോ ജോസഫ്, അഡ്വ. കെ എം സച്ചിന്‍ ദേവ്, കെ കെ രമ, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ലാന്റ് റവന്യൂ കമ്മീഷണര്‍ കെ ബിജു, ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, സബ് കലക്ടര്‍ ചെല്‍സ സിനി, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.







