Thamarassery

പീഡന കേസില്‍ അറസ്റ്റിലായ കായികാധ്യാപകനെതിരെ താമരശ്ശേരി പോലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

താമരശ്ശേരി: പീഡന കേസില്‍ അറസ്റ്റിലായ കായികാധ്യാപകന്‍ വി ടി മിനീഷിനെതിരെ താമരശ്ശേരി പോലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കുറ്റ്യാടി സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് വി ടി മിനീഷിനെതിരെ താമരശ്ശേരി പോലീസ് അഞ്ചാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കായിക പരിശീലനത്തിനായി കട്ടിപ്പാറയില്‍ താമസിച്ച് പഠിക്കുമ്പോള്‍ മിനീഷ് പലപ്പോഴായി ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന് വിദ്യാര്‍ത്ഥിനി പോലീസിന് മൊഴി നല്‍കി. അധ്യാപകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാ പിതാക്കള്‍ വിദ്യാര്‍ത്ഥിനിയെ ഉപദേശിച്ചെങ്കിലും അധ്യാപകന്‍ തെറ്റ് ചെയ്യുമെന്ന് അംഗീകരിക്കാന്‍ ആദ്യ ഘട്ടത്തില്‍ വിദ്യാര്‍ത്ഥിനി തയ്യാറായിരുന്നില്ല. മാതാവുമായുള്ള അധ്യാപകന്റെ ഫോണ്‍ സംസാരം റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനിക്ക് അധ്യാപകന്റെ തനി നിറം ബോധ്യപ്പെട്ടത്. മാതാപിതാക്കള്‍ നിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് നിരന്തരം പറഞ്ഞ് രക്ഷിതാക്കളെ മാനസികമായി അകറ്റിയാണ് ഇയാള്‍ വിദ്യാര്‍ത്ഥിനികളെ വശത്താക്കുന്നതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.

വീട്ടില്‍ പോവാന്‍ പോലും താല്‍പര്യമില്ലാത്ത രീതിയിലേക്ക് വിദ്യാര്‍ത്ഥികളുടെ മനസ്സ് മാറ്റുകയാണ് ഇയാളുടെ രീതി. വീട്ടിലെത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നതെന്ന് രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. മിനീഷിനെതിരെ കഴിഞ്ഞ ദിവസം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ട് പോക്സോ കേസുകള്‍ ഉള്‍പ്പെടെ അഞ്ച് കേസുകളാണ് ഇപ്പോള്‍ മിനീഷിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു കേസ് തേങ്ങിപ്പലം പോലീസിന് കൈമാറി. യൂണിവേഴ്സിറ്റിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയുടെ മാതിവിനു നേരെ ലൈംഗികാതിക്രമം നടത്തിയ കേസാണ് തുടര്‍ നടപടികള്‍ക്കായി കൈമാറിയത്. ജയിലില്‍ കഴിയുന്ന മിനീഷിനെ മറ്റുകേസുകളില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനാണ് പോലീസ് ആലോചിക്കുന്നത്.

വി ടി മിനീഷ് തോമസിനെതിരെ കൂടുതല്‍ തെളിവുകളാണ് ഓരോ ദിവസവും പുറത്തെത്തുന്നത്. നിരന്തരം ഇയാളുടെ പീഡനത്തിനിരയായ രണ്ട് വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ നിരവധി വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിനിരയായതായി സൂചിപ്പിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ കായിക മത്സരത്തിനായി പോയപ്പോള്‍ താമസ സ്ഥലത്ത് രണ്ട് വിദ്യാര്‍ത്ഥിനികള്‍ മാത്രമുള്ളപ്പോള്‍ അധ്യാപകന്‍ രാത്രിയില്‍ അവിടെ എത്തിയെന്നും തന്നോട് കൂടെ കിടക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി മറ്റൊരു വിദ്യാര്‍ത്ഥിനിയോട് പറയുന്നത്.

കൂടെയുണ്ടായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥിനിയും ഇതിന് നിര്‍ബന്ധിച്ചതായി വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തുന്നു. രാത്രി മുഴുവന്‍ അധ്യാപകന്‍ ശല്യം ചെയ്തുവെന്നും സീനിയര്‍ വിദ്യാര്‍ത്ഥിനിക്കൊപ്പമാണ് അധ്യാപകന്‍ കിടന്നതെന്നും സംസാരത്തില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ നിരവധി വിദ്യാര്‍ത്ഥിനികളെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് ഇരുവരുടേയും സംസാരത്തില്‍ നിന്ന് വ്യക്തമാവുന്നത്. സഹായത്തിനെന്ന പേരില്‍ ഇവര്‍ക്കൊപ്പം വന്നിരുന്ന നെല്ലിപ്പൊയില്‍ സ്വദേശിനിയായ യുവതി പിറ്റേ ദിവസം രാവിലെ രാത്രി അനുഭവത്തെ കുറിച്ച് ചോദിച്ചു വെന്നും പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. ഇതില്‍ നിന്നും യുവതിയുടെ അറിവോടെയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുന്നതെന്ന കാര്യം വ്യക്തമാണ്.

നെല്ലിപ്പൊയില്‍ സ്‌കൂളിലായിരുന്നപ്പോള്‍ ഇയാള്‍ പീഡനത്തിനിരയാക്കിയ വിദ്യാര്‍ത്ഥിനി കോടതിയില്‍ വെച്ച് കേസ് ഒത്തു തീര്‍പ്പാക്കിയത് ഇനി ഒരിക്കലും ഒരു പെണ്‍കുട്ടിയേയും ഉപദ്രവിക്കില്ലെന്ന് ബൈബിള്‍ തൊട്ട് സത്യം ചെയ്തതിനാലാണെന്നും ഇവരുടെ സംഭാഷണത്തില്‍ പറയുന്നു. ഒരു വിദ്യാര്‍ത്ഥിനിയെ അസഭ്യം പറയുന്നതിന്റെയും മറ്റൊരു വിദ്യാര്‍ത്ഥിനിയെ വിളിച്ച് മാപ്പ് പറഞ്ഞ് സഹായം ചോദിക്കുന്നതിന്റെയും ഓഡിയോ നേരത്തെ പുറത്തെത്തിയിരുന്നു. പോലീസ് വീട്ടിലെത്തിയപ്പോഴാണ് ഒരു വിദ്യാര്‍ത്ഥിനിയെ വിളിച്ച് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. താന്‍ കേസ് കൊടുത്തിട്ടില്ലെന്നും എന്നേ പോലെ പലരേയും ഉപദ്രവിച്ചതിനാല്‍ അവരില്‍ ആരെങ്കിലുമായിരിക്കും പരാതി നല്‍കിയതെന്നും വിദ്യാര്‍ത്ഥിനി അധ്യാപകനോട് പറയുന്നുണ്ട്. കണ്ണൂരിലായതിനാല്‍ മാത്രമാണ് താന്‍ പരാതി നല്‍കാന്‍ എത്താത്തതെന്നാണ് വിദ്യാര്‍ത്ഥിനി മിനീഷിനോടും ഭാര്യയോടും പറഞ്ഞത്.

ഒരു വിദ്യാര്‍ത്ഥിനി മിനീഷിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംസാരത്തില്‍ നിന്ന് വ്യക്തമാവുന്നത്. ഈ വിദ്യാര്‍ത്ഥിനി മറ്റുള്ളവരെ നിര്‍ബന്ധിച്ച് മിനീഷിന് മുന്നില്‍ എത്തിക്കുകയാണെന്നാണ് സൂചന. രാത്രിയില്‍ കൂടെ കിടക്കാന്‍ നിര്‍ബന്ധിക്കുന്നതും ഈ വിദ്യാര്‍ത്ഥിനിയാണ്. നെല്ലിപ്പൊയില്‍ സ്വദേശിനിയുടെ വീട്ടിലെത്തിച്ചാണ് പല പെണ്‍കുട്ടികളേയും ഇയാള്‍ പീഡിപ്പിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മിനീഷിനെതിരെ കൂടിതല്‍ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

Related Articles

Leave a Reply

Back to top button