ഇലന്തുകടവ് തുരുത്ത് സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തീകരിച്ചു

തിരുവമ്പാടി: പുല്ലൂരാംപാറ ഇലന്തുകടവ് തുരുത്തിൽ 110 ലക്ഷം രൂപ ചിലവഴിച്ച് മേജർ ഇറിഗേഷൻ വകുപ്പ് നിർമാണം ആരംഭിച്ച തുരുത്ത് സംരക്ഷണ ഭിത്തിയുടെയും പുഴ സംരക്ഷണ പ്രവർത്തനങ്ങളുടെയും ജോലികൾ പൂർത്തിയായി. റീബിൽഡ് കേരള പദ്ധതിയിൽ 65 ലക്ഷവും പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 45 ലക്ഷവും അനുവദിച്ചാണ് പദ്ധതി നടപ്പാക്കിയത്. വെള്ളപ്പൊക്ക പ്രതിരോധം, പുഴ സംരക്ഷണം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
2018ലും 2019ലും ഉണ്ടായ പ്രളയത്തിൽ ഇരുവഞ്ഞിപ്പുഴ ഇലന്തുകടവ് ഭാഗത്ത് ഗതി മാറി ഒഴുകി തുരുത്ത് ഭാഗത്തുള്ള കുടുംബങ്ങൾക്ക് വൻ നാശനഷ്ടം ഉണ്ടാക്കിയിരുന്നു. ഇവിടെ 42 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ചില വീടുകൾ പൂർണമായും മറ്റുള്ളവ ഭാഗികമായും നശിച്ചു. വീട്ടു സാമഗ്രികൾ മുഴുവൻ നഷ്ടപ്പെട്ടു. കൃഷിക്കു വൻതോതിൽ നാശനഷ്ടം ഉണ്ടായി. ഈ ഭാഗത്തേക്കുള്ള റോഡ് തകരുകയും ചെയ്തു.
മുൻ എം എൽ എ ജോർജ് എം തോമസിന്റെ ഇടപെടലിനെ തുടർന്നാണ് പദ്ധതികൾക്കു 2 ഘട്ടങ്ങളായി ഫണ്ട് അനുവദിച്ചത്. പുഴയുടെ സംരക്ഷണത്തിനായി കരിങ്കൽ ഭിത്തി, കോൺക്രീറ്റ് ഭിത്തി എന്നിവ നിർമിച്ചു. പുഴയുടെ ആഴം കൂട്ടുകയും ഒഴുക്കിന് തടസ്സം സൃഷ്ടിച്ചിരുന്ന വലിയ ഉരുളൻ കല്ലുകൾ കരയുടെ ഭാഗത്തേക്കു നീക്കുകയും ചെയ്തു. റോഡ് തകർന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്യുകയും വളഞ്ഞപാറ ഭാഗത്ത് വീടുകൾക്ക് നാശനഷ്ടം ഉണ്ടായിടത്തു സംരക്ഷണ ഭിത്തി നിർമിക്കുകയും ചെയ്തു. മഴക്കാലത്തിന് ശേഷം പദ്ധതിയുടെ ഉദ്ഘാടനം നടത്താനുള്ള നീക്കത്തിലാണ് അധികൃതർ.







