തുഷാരഗിരി ഭൂമിപ്രശ്‌നം : വനംമന്ത്രി വിളിച്ച യോഗം ഇന്ന്

കോടഞ്ചേരി : ഏറ്റെടുത്ത വനഭൂമി ഉടമകൾക്ക് വിട്ടുകൊടുക്കണമെന്ന കോടതിവിധിയെത്തുടർന്ന് കോടഞ്ചേരി തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രം നേരിടുന്ന ഭീഷണി വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിൽ ചർച്ചയാവും.ജില്ലയിലെ മലയോരമേഖലയിലെ എം.എൽ.എ.മാരായ ടി.പി. രാമകൃഷ്ണൻ, ലിന്റോ ജോസഫ്, സച്ചിൻദേവ്, കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, ഇ.കെ. വിജയൻ എന്നിവരും വനംവകുപ്പ് ഉദ്യോഗസ്ഥരും നിയമവിദഗ്‌ധരും യോഗത്തിൽ പങ്കെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
പ്രശ്നത്തിൽ ഡി.എഫ്.ഒ.യോട് റിപ്പോർട്ട് നൽകാൻ നേരത്തേ മന്ത്രി ആവശ്യപ്പെട്ടിരുന്നു.തുഷാരഗിരിയിൽ കർഷകരിൽനിന്ന് ഏറ്റെടുത്ത ഭൂമി വിട്ടുകൊടുക്കാനുള്ള കോടതിവിധി വിനോദസഞ്ചാരകേന്ദ്രത്തിനുണ്ടാക്കുന്ന പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് യോഗത്തിൽ ചർച്ചയാവും. കോടതിവിധിയെക്കുറിച്ച് നിയമവിദഗ്‌ധരുടെ അഭിപ്രായം ആരായും. മലയോര മേഖലയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങളും യോഗം ചർച്ചചെയ്യും.വനഭൂമി ഉടമകൾക്ക് തിരികെ നൽകുന്നത് തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിന്റെ നിലനിൽപ്പ് അപകടത്തിലാക്കുമെന്നാണ് ആശങ്ക. തുഷാരഗിരിയിലെ മഴവിൽ വെള്ളച്ചാട്ടത്തിന്റെയും ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിന്റെയും പ്രാന്തപ്രദേശങ്ങൾ ഇതോടെ നഷ്ടമാവും.
വിനോദസഞ്ചാരകേന്ദ്രത്തിന്റെ പ്രവേശനകവാടവും ടിക്കറ്റ് കൗണ്ടറുമടക്കം നിലകൊള്ളുന്നത് വിട്ടുകൊടുക്കാനുള്ള സ്ഥലത്താണ്.പരിസ്ഥിതി ലോലപ്രദേശം (ഇ.എഫ്.എൽ.) ഏറ്റെടുക്കാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 2000-ത്തിൽ നാല് കർഷകരിൽനിന്ന് 24 ഏക്കർ ഭൂമി വനംവകുപ്പ് ഏറ്റെടുത്തത്. കർഷകരായ ഭൂഉടമകൾക്ക് നഷ്ടപരിഹാരമൊന്നും നൽകിയിരുന്നില്ല.തുടർന്നാണ് ഉടമകൾ കോടതിയെ സമീപിച്ചതും അനുകൂലവിധി നേടിയെടുത്തതും. കർഷകർക്ക് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കണമെന്നാണ് വിവിധകേന്ദ്രങ്ങളിൽനിന്ന് ആവശ്യമുയരുന്നത്.’ഭൂമി വിട്ടുകൊടുക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കും’തുഷാരഗരിയിൽ വനംവകുപ്പ് ഏറ്റെടുത്ത വനഭൂമി ഉടമകൾക്ക് വിട്ടുകൊടുക്കാനുള്ള കോടതിവിധിയുടെ പശ്ചാത്തലത്തിൽ പരിസ്ഥിതി പ്രവർത്തകർ പ്രദേശം സന്ദർശിച്ചു.
ഭൂമി വിട്ടുകൊടുക്കുന്നത് പ്രദേശത്ത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് സംഘം വിലയിരുത്തി.തുഷാരഗിരി പ്രകൃതിസൗഹൃദ വിനോദസഞ്ചാരകേന്ദ്രം പൂർണമായും അടച്ചുപൂട്ടേണ്ടിവരും. വിട്ടുകൊടുക്കേണ്ട ഭൂമിയിൽ 16 ഏക്കറും വനഭൂമിയാൽ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലമാണ്. ഇവിടേക്ക് വഴികളില്ല. ചാലിപ്പുഴയുടെ പ്രധാന കൈവഴിയുടെ പ്രഭവസ്ഥാനമാണ് പ്രദേശം. അന്താരാഷ്ട്ര കയാക്കിങ് വേദിയായ ചാലിപ്പുഴയുടെ നിലനിൽപ്പും അപകടത്തിലാവും. -സംഘം ചൂണ്ടിക്കാട്ടി.മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പ്രവർത്തകരായ സത്യൻ മേപ്പയ്യൂർ, ഹമീദലി വാഴക്കാട്, വിജേഷ് വള്ളിക്കുന്ന്, കെ. ബാബുരാജ്, വയനാട് പ്രകൃതി സംരക്ഷണസമിതി പ്രവർത്തകൻ എൻ. ബാദുഷ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.







