മലയോരത്തെ ടൂറിസം കേന്ദ്രങ്ങളിൽ വൻ ജനത്തിരക്ക്

കോടഞ്ചേരി:ഏറെ നാളത്തെ അടച്ചിടലിനുശേഷം തുറന്നുകൊടുത്ത മലയോരത്തെ ടൂറിസം കേന്ദ്രങ്ങളിൽ ജനത്തിരക്ക്. ഈ മാസം ഏഴാം തീയതി മുതലാണ് സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രം ഒൻപതാം തീയതിയാണ് സഞ്ചാരികൾക്കായി തുറന്ന് നൽകിയത്. ഇതോടെ വിനോദ സഞ്ചാരികളുടെ അണപൊട്ടിയ ആഘോഷം മലയോരത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ജനസാഗരമാക്കി.
ഓണാവധി ആഘോഷിക്കാനെത്തിയവരുടെ വാഹനങ്ങൾ കൊണ്ട് തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രത്തിലെ പാർക്കിങ് മേഖല നിറഞ്ഞു. പിന്നീടുവന്ന സഞ്ചാരികൾ റോഡിനിരുവശവും ആർച്ച് പാലത്തിലും വാഹനങ്ങൾ നിർത്തിയിട്ടത്തോടെ പ്രദേശം ഗതാതഗത കുരിക്കിലമർന്നു. ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കോ 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ.ടെസ്റ്റിൽ നെഗറ്റീവ് ആയവർക്കോ, ഒരുമാസം മുൻപ് കോവിഡ് വന്നു പോയവർക്കോ മാത്രമായിരുന്നു ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം. എന്നാൽ, തിരക്ക് നിയന്ത്രണാധീതമായതോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ല.
ആളുകളെ നിയന്ത്രിക്കാനാകാതെ സുരക്ഷാ ഉദ്യോഗസ്ഥരും വലഞ്ഞു. ശക്തമായ കോവിഡ് നിയന്ത്രണം നിലനിൽക്കുമ്പോഴും ശരാശരി മുന്നൂറിന് മുകളിൽ സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ, ഓണാവധി ആഘോഷിക്കാൻ അവിട്ടം നാളിൽ തുഷാരഗിരിയിൽ മാത്രം രണ്ടായിരത്തിന് മുകളിൽ ആളുകളാണ് എത്തിയത്. കോവിഡ് വാക്സിൻ എടുക്കാത്തവരെയും കോവിഡ് പരിശോധന നടത്തവരെയും സുരക്ഷാ ഉദ്യോഗസ്ഥർ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഇവർ വഴിയിൽ കൂട്ടംകൂടിനിന്നത് വാക്കേറ്റത്തിന് കാരണമായി. കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ തുഷാരഗിരി, നാരങ്ങാത്തോടുള്ള പതങ്കയം, അരിപ്പാറ വെള്ളച്ചാട്ടം, പുലിക്കയം എന്നിവിടങ്ങളിലേക്കായിരുന്നു കൂടുതൽ സഞ്ചാരികളും എത്തിയത്







