Mukkam

ചെറിയൊരു മഴപെയ്യുമ്പോഴേക്കും നെല്ലിക്കാപ്പൊയിൽ അങ്കണവാടി ചോർന്നൊലിക്കും; ചുമരുകളിൽ തൊട്ടാൽ ഷോക്കടിക്കും; പുതിയ കെട്ടിടം നിർമിക്കണം; നാട്ടുകാർ

മുക്കം: ചെറിയൊരു മഴപെയ്യുമ്പോഴേക്കും കെട്ടിടം ചോർന്നൊലിക്കും. നനഞ്ഞ ചുമരുകളിൽ തൊട്ടാൽ ഷോക്കടിക്കും. ഭക്ഷ്യവസ്തുക്കൾ സ്റ്റോർറൂമിൽ സൂക്ഷിക്കാൻപോലും പറ്റാത്ത അവസ്ഥ. മുക്കം നഗരസഭയിലെ നെല്ലിക്കാപ്പൊയിൽ അങ്കണവാടിയിലെ നേർക്കാഴ്ചയാണിത്. നഗരസഭയിലെ മറ്റ്‌ അങ്കണവാടികൾ പുതുമോടിയണിഞ്ഞപ്പോഴും ഇവിടെ ഒരു മാറ്റവുമില്ല. മറ്റ്‌ അങ്കണവാടികളുടെ ചുമരുകൾ കുരുന്നുകളുടെ കലാസൃഷ്ടിയാൽ സമ്പന്നമായപ്പോൾ ഈ അങ്കണവാടിയുടെ ചുമരുകളിൽ പൂപ്പലാണ്. കുട്ടികളുടെ സൃഷ്ടികൾ ഒട്ടിക്കാൻപോലും പറ്റാത്ത അവസ്ഥ. കുരുന്നുകൾക്കായി അധ്യാപകർ പതിച്ച പൂച്ചയുടെയും പൂമ്പാറ്റയുടെയും മഹാത്‌മാഗാന്ധിയുടെയും ചിത്രങ്ങൾ ഭിത്തിയിൽ പൂപ്പൽപിടിച്ചുകിടക്കുന്നു.

ഏകദേശം 40 വർഷങ്ങൾക്കുമുൻപാണ് ഈ അങ്കണവാടിക്കെട്ടിടം നിർമിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഓടുമേഞ്ഞിരുന്ന കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയതോടെ 20 വർഷംമുൻപ് മേൽക്കൂര കോൺക്രീറ്റ് ചെയ്തു. വീണ്ടുമൊരു 20 വർഷം പിന്നിടുമ്പോൾ കെട്ടിടം പൂർണമായും അപകടാവസ്ഥയിലാണ്.

നനഞ്ഞ ചുമരുകളിൽനിന്ന് ഷോക്കേൽക്കാൻ സാധ്യതയുള്ളതിനാൽ പ്രവൃത്തിസമയങ്ങളിൽ മെയിൻ സ്വിച്ചുപോലും ഓണാക്കാറില്ലെന്ന് അങ്കണവാടിയധികൃതർ പറയുന്നു. കനത്ത ചൂടിൽ ഫാനിന്റെ കാറ്റുകൊള്ളാതെയും മഴക്കാറിന്റെ ഇരുട്ടിൽ വെളിച്ചമില്ലാതെയുമാണ് അങ്കണവാടി. കുട്ടികളെ അങ്കണവാടിയിലേക്ക് അയക്കാൻപോലും രക്ഷിതാക്കൾക്ക് ഭയമാണ്.

പുതിയ കെട്ടിടമെന്ന ആവശ്യവുമായി അധികൃതർ മുട്ടാത്ത വാതിലുകളില്ല. പരാതിപ്രളയത്തെ തുടർന്ന് നഗരസഭാധികൃതർ അങ്കണവാടി സന്ദർശിച്ചെങ്കിലും തുടർനടപടികളൊന്നും ആയിട്ടില്ല. എസ്.സി. കോളനിയിലടക്കം കുട്ടികൾ പഠിക്കുന്ന അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Back to top button