മുതിർന്ന പൗരന്മാർക്കും വഴിയാത്രക്കാർക്കുമായി ചേന്നമംഗലൂർ പുൽപറമ്പിൽ ഒരുക്കിയ ‘സായാഹ്നം’ രാഹുൽ ഗാന്ധി എംപി നാടിന് സമർപ്പിച്ചു

മുക്കം : മുതിർന്ന പൗരന്മാർക്കും വഴിയാത്രക്കാർക്കുമായി ചേന്നമംഗലൂർ പുൽപറമ്പിൽ ഒരുക്കിയ ‘സായാഹ്നം’ രാഹുൽ ഗാന്ധി എംപി നാടിന് സമർപ്പിച്ചു. നാടിന്റെ പുരോഗതിക്കായി ത്യാഗമനുഭവിച്ച പൂർവികർക്കു പുതുതലമുറയുടെ സ്നേഹസമ്മാനമാണ് ഈ മന്ദിരമെന്നു രാഹുൽ പറഞ്ഞു. മാതാപിതാക്കൾ നൽകിയ സ്നേഹത്തിനും കരുതലിനും നാം അവരോടു കടപ്പെട്ടിരിക്കുന്നു. ആ കടപ്പാട് കേരളം വീട്ടുന്നതിന്റെ പ്രതീകമാണ് ‘സായാഹ്നം’. നാട് ദാരിദ്ര്യത്തിൽ കഴിയുമ്പോൾ നമ്മുടെ പൂർവികർ അവസരങ്ങൾ തേടി യാത്ര ചെയ്യുകയായിരുന്നു.
വർഷങ്ങളുടെ അധ്വാനത്തിനൊടുവിൽ അവർ ജീവിതത്തിൽ വിജയം കൊണ്ടുവന്നു. അത് നാടിന്റെ ഒന്നാകെ വിജയമായി മാറി. അവർക്കുള്ള പുതുതലമുറയുടെ മികച്ച സമ്മാനമാണിത്– രാഹുൽ പറഞ്ഞു. ഇന്ത്യ എന്നത് ഭൂപടവും അതിർത്തിയുമല്ലെന്നും ഒരു വികാരമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരാൾ വിദേശത്തു പോയി ജോലി ചെയ്യുമ്പോൾ അവർ അവിടെ മറ്റുള്ളവരോട് ആദരവോടെ പെരുമാറുമ്പോൾ ഉയർത്തിപ്പിടിക്കുന്നത് ഇന്ത്യൻ മൂല്യങ്ങളാണ്.
കേരളത്തിലെ ആയിരക്കണക്കിന് പെൺകുട്ടികൾ വിദേശങ്ങളിൽ നഴ്‌സുമാരായി രോഗികളെ ആദരവോടെ പരിചരിക്കുമ്പോൾ ഇന്ത്യയാണ് അവരെ പരിചരിക്കുന്നത്. അതാണ് ഇന്ത്യയെക്കുറിച്ചുള്ള കോൺഗ്രസ് കാഴ്ചപ്പാടും ആർഎസ്എസ് ആശയവും തമ്മിലുള്ള വ്യത്യാസമെന്നു രാഹുൽ ഗാന്ധി പറഞ്ഞു. ചേന്നമംഗലൂരിലെ ഏകാധ്യാപക വിദ്യാലയമായിരുന്ന ഓത്തുപള്ളിക്കൂടം നടത്തി ഗ്രാമത്തെ അറിവിലേക്കു കൈപിടിച്ചു നടത്തിയ അന്തരിച്ച സി.ടി ജബ്ബാർ ഉസ്താദിന്റെ സ്മരണയിൽ അദ്ദേഹത്തിന്റെ കുടുംബമാണ് സായാഹ്നം പണിതത്.
സീനിയർ സിറ്റിസൻസ് ഫോറം ചേന്നമംഗലൂർ ചാപ്റ്റർ സായാഹ്നത്തിന്റെ നടത്തിപ്പു ചുമതല നിർവഹിക്കും. താഴത്തെ നില വഴിയാത്രക്കാർക്ക് വിശ്രമത്തിനുള്ളതാണ്. എംവിആർ കാൻസർ സെന്ററിൽ ചികിത്സയ്ക്കെത്തുന്നവർക്കും ഈ സ്ഥലം ഉപയോഗിക്കാം. മുക്കം നഗരസഭാധ്യക്ഷൻ പി.ടി.ബാബു അധ്യക്ഷത വഹിച്ചു.
സായാഹ്നത്തിന്റെ താക്കോൽ ഇ.ടി.മുഹമ്മദ് ബഷീർ എംപി സീനിയർ സിറ്റിസൻസ് ഫോറം പ്രതിനിധി കെ.ടി.നജീബിനു കൈമാറി. കെ.സി.വേണുഗോപാൽ എംപി, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, എ.പി.അനിൽ കുമാർ എംഎൽഎ, കെ.എം.ഷാജി, സി.ടി.ആദിൽ, നിന മറിയം, നവാസ് പാലേരി, കെ.ടി.നജീബ്,അഷ്റഫ് താമരശ്ശേരി, കെ.പി.വേലായുധൻ എന്നിവർ പ്രസംഗിച്ചു. സായാഹ്നം മന്ദിരത്തിനു സമീപം രാഹുൽ ഗാന്ധി വൃക്ഷത്തൈ നട്ടു.






