കോടഞ്ചേരി പഞ്ചായത്തിലൂടെ കടന്നു പോകുന്ന മോശം റോഡുകൾ: നാളെ യുഡിഎഫ് സത്യഗ്രഹം

കോടഞ്ചേരി: പഞ്ചായത്തിലൂടെ കടന്നു പോകുന്ന പൊതുമരാമത്ത് റോഡുകളായ കൈതപ്പൊയിൽ – കോടഞ്ചേരി – തമ്പലമണ്ണ- അഗസ്ത്യമൂഴി റോഡ്, ഈങ്ങാപ്പുഴ – കുപ്പായകോട് – കണ്ണാത്ത് റോഡ്, കൂടത്തായി മെക്കാവ് – കോടഞ്ചേരി റോഡ്, നെല്ലിപ്പൊയിൽ – മഞ്ഞുവയൽ-പുല്ലൂരാംപാറ എന്നീ റോഡുകൾ സഞ്ചാര യോഗ്യമല്ലാത്തതിനാലും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അലംഭാവത്തിലും കരാറുകാരുമായി ഒത്തുകളി ആരോപിച്ചും യുഡിഎഫ് ജനപ്രതിനിധികൾ നാളെ ഉപവാസ സത്യഗഹം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു. ഡിസിസി പ്രസിഡന്റ് കെ.പി വീൺ കുമാർ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്യും .
കരാർ കാലാവധി കഴിഞ്ഞിട്ടും ഒരു മാനദണ്ഡവും പാലിക്കാതെ പലതവണ കരാർ പുതുക്കി നൽകി കരാറുകാരുമായി അവിശുദ്ധബന്ധം കാത്തുസൂക്ഷിക്കുന്ന പൊതുമരാമത്ത്, കിഫ്ബി ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിനു വകുപ്പ് മന്ത്രിയും എംഎൽഎയും ഉത്തരം പറയണമെന്നും ജനങ്ങൾ ക്ഷമയുടെ നെല്ലിപ്പലകകണ്ട ഈ റോഡ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ആർജവം കാണിക്കണമെന്നും യുഡിഎഫ് ജനപ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു.







