Thiruvambady

ബവ്റിജസ് വിൽപനകേന്ദ്രത്തിന് സമീപം പരസ്യ മദ്യപാനം

തിരുവമ്പാടി : ബവ്റിജസ് ഷോപ്പിനു സമീപം അനധികൃത പെട്ടിക്കടകൾ വന്നതോടെ ഈ പരിസരത്ത് പരസ്യ മദ്യപാനം പതിവായി. രണ്ട് വർഷം മുൻപ് ചേപ്പിലങ്ങോട് റോഡിൽ നിന്ന് കൂടരഞ്ഞി റോഡിന് സമീപത്തേക്ക് വിദേശമദ്യ ഷോപ്പ് മാറ്റിയപ്പോൾ ആവശ്യക്കാർ മദ്യം വാങ്ങി പോകുന്ന അവസ്ഥ ആയിരുന്നു. എന്നാൽ മദ്യ ഷോപ്പിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് 9 പെട്ടിക്കടകൾ ആണ് അടുത്ത കാലത്ത് വന്നത്.

ഇവിടെ ഗ്ലാസുകളും വെള്ളവും ആണ് പ്രധാന വിൽപന. ഇതോടെ ആളുകൾ മദ്യം വാങ്ങി  പരിസരത്തുള്ള സ്ഥലങ്ങളിലും കെട്ടിടങ്ങളുടെ സമീപത്തും പരസ്യ മദ്യപാനം ആയി. പലപ്പോഴും വഴക്കുകളും കയ്യേറ്റവും ഉണ്ടാകുന്ന അവസ്ഥയിലെത്തുന്നു. സമീപത്തുള്ള കെട്ടിടങ്ങളുടെ പരിസരങ്ങളിൽ മദ്യക്കുപ്പികളും ഉപയോഗിച്ച ഗ്ലാസുകളും ചിതറിക്കിടക്കുകയാണ്. പരസ്യ മദ്യപാനത്തിന് സൗകര്യം ചെയ്തു കൊടുക്കുന്ന അനധികൃത പെട്ടിക്കടകൾക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിനും പൊലീസിനും പരാതികൾ ലഭിച്ചിട്ടുണ്ട്.

പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിക്കുകയും പെട്ടിക്കടകൾ നീക്കം ചെയ്യാൻ സ്ഥല ഉടമയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന റോഡിന്റെ സമീപം നടക്കുന്ന പരസ്യ മദ്യപാനം ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button