കാഞ്ഞിരമൂഴി മൈക്രോ ഇറിഗേഷന്‍ പദ്ധതി പ്രവൃത്തി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

മുക്കം: മുക്കം മുനിസിപ്പാലിറ്റി കാഞ്ഞിരമൂഴി മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ പ്രവൃത്തി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയെ പരിരക്ഷിക്കുവാന്‍ എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും രണ്ടാം ഘട്ടത്തിലേക്കായി രണ്ടു കോടി രൂപ അനുവദിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
യുവാക്കളില്‍ കാര്‍ഷിക ആഭിമുഖ്യമുണ്ടാക്കും വിധം അത്യാധുനിക നൂതന പദ്ധതികളാണ് സര്‍ക്കാര്‍ ഈ മേഖലയില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. നദികളില്‍ അടിഞ്ഞുകൂടിയ മണ്ണും ചളിയും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
വകുപ്പുകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമം ഇതിന് ആവശ്യമാണ്. നദികളെക്കുറിച്ചും പുഴകളെക്കുറിച്ചും പഠിക്കുന്നതിന് വകുപ്പ് തലത്തില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏവര്‍ക്കും കുടിവെള്ളം എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം വരും വര്‍ഷങ്ങളോടെ യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു.
കാഞ്ഞിരമൂഴി ഭാഗത്തെ നാനൂറോളം കര്‍ഷക കുടുംബങ്ങളുടെ 103 ഹെക്ടര്‍ കൃഷി ഭൂമിയില്‍ മൈക്രോ ഇറിഗേഷന്‍ വഴി ജലസേചനം നടത്തുവാനും അതിലൂടെ കര്‍ഷകരുടെ ആദായം വര്‍ദ്ധിപ്പിക്കുന്നതും ലക്ഷ്യമാക്കി വിഭാവനം ചെയ്ത പദ്ധതിയാണിത്. രണ്ട് ഘട്ടങ്ങളായി പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ആദ്യ ഘട്ടത്തിന് ഭരണാനുമതിലഭിക്കുകയും അടിസ്ഥാന സൗകര്യങ്ങളായ പമ്പ് ഹൗസ്‌നിര്‍മ്മാണം, മോട്ടോറുകള്‍ സ്ഥാപിക്കല്‍, ഫെര്‍ട്ടിഗേഷന്‍ റൂം നിര്‍മ്മാണം തുടങ്ങിയവ ഉള്‍പ്പെട്ട പ്രവൃത്തിയാണ് ആരംഭിക്കുന്നത്. പൂര്‍ണ്ണമായും നൂതന സാങ്കേതിക വിദ്യകളും വിവര സാങ്കേതികവിദ്യ കളും ഉപയോഗിച്ചുകൊണ്ടാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നത്.






