കരിഞ്ചെള്ള് ശല്യം: അങ്കണവാടി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി

കൊടിയത്തൂർ : അങ്കണവാടിയിൽ കുട്ടികളെയും ജീവനക്കാരെയും കഷ്ടത്തിലാക്കി കരിഞ്ചെള്ള് ശല്യം. പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് അങ്കണവാടി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.
കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാംവാർഡിൽ പൊലുകുന്ന് സാംസ്കാരികകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലാണ് പ്രാണികൾ ശല്യമായത്. വർഷങ്ങളായി പ്രാണിശല്യം ഉണ്ടായിരുന്നത് അടുത്തനാളിൽ വർധിച്ചു. കുട്ടികൾ ഇരിക്കുന്ന മുറിയിലും അടുക്കളയിലും ശല്യംവർധിച്ചതോടെ അങ്കണവാടി പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ്, വാർഡംഗം ബാബു പൊലുകുന്നത്ത് എന്നിവരുമായിസ്ഥലം സന്ദർശിച്ച പ്രസിഡന്റ് ഷംലൂലത്ത് മറ്റൊരു സ്ഥലം കണ്ടെത്തി അവിടേക്ക് അങ്കണവാടി മാറ്റാൻ നടപടിയെടുത്തു.
25-ഓളം കുട്ടികളുള്ള അങ്കണവാടിയാണിത്. സ്വന്തം കെട്ടിടം നിർമിക്കാൻ സ്വകാര്യ വ്യക്തി സ്ഥലം സൗജന്യമായി നൽകാമെന്നേറ്റിട്ടുണ്ടന്നും ഉടൻതന്നെ നിർമിക്കുമെന്നും വാർഡംഗം പറഞ്ഞു.







