മോട്ടോർ ജലവിതരണവകുപ്പ് അധികൃതർ കൊണ്ടുപോയി : 400 കുടുംബങ്ങൾക്ക് നാലുവർഷമായി കുടിവെള്ളമില്ല

മുക്കം : ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ കുടിവെള്ളം ലഭ്യമാകുന്ന പദ്ധതിയെന്ന് ജലവിതരണവകുപ്പ് സാക്ഷ്യപ്പെടുത്തിയ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് കുടിവെള്ളം മുടങ്ങിയിട്ട് നാലുവർഷം. മുക്കം നഗരസഭയിലെ ഒന്നുമുതൽ ആറുവരെയുള്ള ഡിവിഷനുകളിലെ 400-ഓളം കുടുംബങ്ങളാണ് കഴിഞ്ഞ നാലുവർഷമായി കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നത്.
1987-ൽ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കെ.ടി.സി. കുടിവെള്ള പദ്ധതിയിലൂടെയാണ് ഇത്രയേറെ കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്നത്. എന്നാൽ നാലുവർഷംമുമ്പ് പദ്ധതി ലാഭകരമല്ലെന്ന് പറഞ്ഞ് ജല വിതരണവകുപ്പ് അധികൃതർ കുടിവെള്ളപദ്ധതിയുടെ മോട്ടോറും മറ്റു ഉപകരണങ്ങളും കൊണ്ടുപോയതോടെയാണ് ഗുണഭോക്താക്കളുടെ ദുരിതം തുടങ്ങിയത്.
ഇതോടെ തോട്ടത്തിൻകടവ്, പച്ചക്കാട്, അയ്യപ്പൻക്കുന്ന് കോളനി, മരുതോറക്കുന്ന് എസ്.സി. കോളനി, പാടി, നടുകിൽ, പുത്തൻമഠത്തിൽ കോളനി, നെല്ലിക്കാപൊയിൽ അംബേദ്കർ കോളനി, പൂവത്തിരി എസ്.സി. കൂമുള്ളംകണ്ടത്ത്, കേളോത്ത്, ചെമ്പംപറ്റ പ്രദേശങ്ങളിലുള്ളവർക്ക് കുടിവെള്ളം കിട്ടാക്കനിയായി.







