Mukkam
കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടി; വീടുകളും മതിലുകളും തകർന്നു

മുക്കം : കനത്ത മഴയിലും കാറ്റിലും നഗരസഭയിലെ മുണ്ടുപാറ, നൂലിങ്ങൽ, പൂളപ്പൊയിൽ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. കാറ്റിൽ മരങ്ങൾ വീണ് വീടുകളും മതിലുകളും തകർന്നു. റോഡിലേക്ക് കൂറ്റൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതവും തടസ്സപ്പെട്ടു. മരങ്ങൾ വീണ് വൈദ്യുതി ലൈനുകളും പൊട്ടി വീണു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ശക്തമായ മഴയും കാറ്റും ഉണ്ടായത്. മുണ്ടുപാറ ഒതയമംഗലത്ത് മുഹമ്മദാലിയുടെ വീടിന്റെ മുകളിലേക്ക് പന വീണ് വീട് തകർന്നു.
പൂളപ്പൊയിലിൽ കെ.കെ.അഷ്റഫിന്റെ വീട്ടുമുറ്റത്തെ തെങ്ങ് കടപുഴകി വീണ് മതിൽ തകർന്നു. വിറക് പുരയ്ക്കും കേടുപറ്റി. പഴയിടത്ത് അമ്പലക്കണ്ടി തൂങ്ങുപുറം റോഡിൽ നൂലിങ്ങൽ ഭാഗത്ത് റോഡിലേക്ക് മരങ്ങൾ കടപുഴകി വീണു. സന്നദ്ധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മരങ്ങൾ വെട്ടി മാറ്റി.







