തിരുവമ്പാടി മണ്ഡലത്തിൽ ഉൾപ്പെടാത്ത; കോഴിക്കോട് ജില്ലയുടെ മലയോരമേഖലകളിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

തിരുവമ്പാടി: കോഴിക്കോട് ജില്ലയുടെ തിരുവമ്പാടി മണ്ഡലം പരിധിയിൽ ഉൾപ്പെടാത്ത മലയോര മേഖലകളിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ. സുപ്രീം കോടതിയുടെ ബഫർസോൺ ഉത്തരവ് പുനഃപരിശോധിക്കണമെന്നും, സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ നേതൃത്വമാണ് ജില്ലയുടെ മലയോര മേഖലകളിൽ ഹർത്താൽ നടത്തുകയാണ്.
കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, മരുതോങ്കര, കാവിലുംപാറ, വിലങ്ങാട്, കട്ടിപ്പാറ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഇന്ന് ഹർത്താൽ നടത്തുന്നത്. തിരുവമ്പാടി മണ്ഡലത്തിലെ പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.
രാവിലെ ആറുമണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് ഹർത്താൽ, അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഈ മാസം പതിനാറാം തീയതി ഹർത്താൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, പിന്നീട് ഈ മാസം പതിനെട്ടാം തീയതിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ യു ഡി എഫ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി, കൂടരഞ്ഞി, പുതുപ്പാടി എന്നീ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റികൾ ഹർത്താൽ നടക്കുന്നതിനേട് വിയോജിപ്പ് അറിയിച്ചതിനാൽ തിരുവമ്പാടി മണ്ഡലത്തെ പൂർണ്ണമായും ഹർത്താലിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
എന്നാൽ ഈ തീരുമാനങ്ങൾ ജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചു. രാവിലെ ജില്ലയുടെ മലയോര മേഖലകളിൽ ഹർത്താൽ നടത്തും എന്ന് പ്രഖ്യാപിച്ച്, വൈകിട്ട് ഹർത്താലിൽ പങ്കെടുക്കുന്ന പകുതിയോളം പഞ്ചായത്തുകളെ ഒഴിവാക്കി എന്ന വാർത്തകൾ വന്നതും, യുഡിഎഫ് ജില്ലാ നേതൃത്വം കൃത്യമായ അറിയിപ്പുകൾ നൽകാത്തതുമാണ് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയത്.







