Mukkam
നിർമാണത്തിലെ അപാകം: അഴുക്കുചാൽ പൊളിച്ചുപണിയും

മുക്കം : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി മുക്കം ക്രിസ്ത്യൻപള്ളിക്ക് മുന്നിൽ അശാസ്ത്രീമായി നിർമിച്ച അഴുക്കുചാൽ പൊളിച്ചുമാറ്റി രണ്ടടിയോളം താഴ്ത്തി പുനർനിർമിക്കും. നഗരസഭാ കൗൺസിലർമാരും വ്യാപാരികളും എ.ഐ.വൈ.എഫ്. പ്രതിനിധികളും കെ.എസ്.ടി.പി. അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്.
ബുധനാഴ്ച രാവിലെ മുക്കത്തെത്തിയ കെ.എസ്.ടി.പി. അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. വെള്ളംകയറിയ വീടുകളും കടകളും ഉദ്യോഗസ്ഥർ സന്ദർശിച്ചു. തുടർന്നാണ് നഗരസഭാ അധികൃതരും പ്രതിഷേധക്കാരുമായി ചർച്ചനടത്തിയത്. ലിന്റോ ജോസഫ് എം.എൽ.എ. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടതിനെത്തുടർന്നാണ് അഴുക്കുചാൽ താഴ്ത്തിനിർമിക്കാൻ ധാരണയായത്.







