ThiruvambadyVideos

ഇരുവഞ്ഞിപ്പുഴയിൽ പതങ്കയത്ത് കാണാതായ യുവാവിന്റെതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ കണ്ടെത്തി

തിരുവമ്പാടി: ഇരുവഞ്ഞിപ്പുഴയിൽ പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ കണ്ടെത്തി.

ചാത്തമംഗലം പഞ്ചായത്തിലെ ഈസ്റ്റ് മലയമ്മ പാറമ്മൽ പൂലോത്ത് ഹുസ്നി മുബാറക് (17) നെയാണ് ഈ മാസം നാലാം തിയ്യതി തിങ്കളാഴ്ച വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായത്.

പതിനേഴ് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹഭാഗങ്ങൾ കണ്ടെത്താനായത്.

ഒഴുക്കിൽപ്പെട്ട സ്ഥലത്ത് നിന്നും ഏഴു കിലോമീറ്ററോളം താഴെ കാപ്പിച്ചുവട് എന്ന സ്ഥലത്താണ് അഴുകിയ രീതിയിൽ കുറച്ച് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. പിന്നീട് നടത്തിയ തിരച്ചിലിൽ ഏകദേശം 500 മീറ്റർ താഴെയായി അത്തിപ്പാറക്ക് സമീപവും കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി.

രാവിലെ 10 മണിയോടെയാണ് കാപ്പിച്ചുവട് ഭാഗത്ത് ഇരു കൈകളും വാരിയല്ലുകളും കണ്ടെത്തിയത്, ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അത്തിപ്പാറക്ക് സമീപം അര മുതൽ കാലു വരെയുള്ള ഭാഗങ്ങൾ കണ്ടെത്തിയത്. പിന്നീട് തിരച്ചിൽ നടത്തിയെങ്കിലും തല ഭാഗം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

കോഴിക്കോട് റൂറൽ എസ്.പി കറുപ്പ് സ്വാമി ശരീരഭാഗങ്ങൾ ലഭിച്ച സ്ഥലങ്ങൾ സന്ദർശിച്ചു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ച്, ഫോറൻസിക് പരിശോധനയ്ക്ക് കൈമാറി. തിരുവമ്പാടി, കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർമാർ അടക്കമുള്ള സംഘമാണ് ഇൻവെസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.

ഫയർഫോഴ്സിന്റെയും സംയുക്ത സേനകളായ കർമ ഓമശ്ശേരി, എന്റെ മുക്കം, വിഖായ, പുനർജനി, രാഹുൽ ബ്രിഗേഡ്, വൈറ്റ് ഗാർഡ്, സിവിൽ ഡിഫൻസ്, ഹെൽത്ത് കെയർ ഫൗണ്ടേഷൻ പൂനൂർ, നാട്ടുകാർ, ഫയർഫോഴ്സിന്റെ സ്ക്യൂബ ടീം എന്നീ ടീമുകൾ സംയുക്തമായി നടത്തിയ തിരച്ചിലിനെടുവിലാണ് ശരീര ഭാഗങ്ങൾ കണ്ടത്തിയത്. നടപടിക്രമങ്ങൾക്ക് ശേഷം ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നും പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button