മലബാർ സ്പോർട്‌സ് അക്കാദമി ഇരുപതാണ്ടിന്റെ കുതിപ്പിലേക്ക്

തിരുവമ്പാടി: ദേശീയ, അന്താരാഷ്ട്ര താരങ്ങളെയടക്കം സൃഷ്ടിച്ച് പുല്ലൂരാംപാറ മലബാർ സ്പോർട്‌സ് അക്കാദമി കായികരംഗത്ത് ദൂരങ്ങളേറെ താണ്ടുന്നു. മികച്ച കായികതാരങ്ങളെ വാർത്തെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ 2003-ൽ തുടങ്ങിയ അക്കാദമി ഇരുപതാംവർഷത്തിലേക്കുള്ള കുതിപ്പിലാണ്.
പിന്നാക്കാവസ്ഥയിൽനിൽക്കുന്ന മലയോര, കുടിയേറ്റ മേഖലയിലെ കായികശേഷിയുള്ള കുട്ടികളെ കണ്ടെത്തി ദീർഘകാലാടിസ്ഥാനത്തിൽ വിദഗ്ധപരിശീലനം നൽകി സംസ്ഥാനതലത്തിലും ദേശീയതലത്തിലും മിന്നുംതാരങ്ങളായി വളർത്തുക എന്ന ലക്ഷ്യവുമായാണ് രണ്ടുപതിറ്റാണ്ടിനുമുമ്പ് അക്കാദമിക്കായുള്ള ആലോചനകൾ ആരംഭിക്കുന്നത്.
തുടക്കത്തിൽ പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് ഹൈസ്കൂളിലെ കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. കുട്ടികളും കായികപ്രേമികളുമെല്ലാമായി കേവലം 32 അംഗങ്ങളുമായി ആരംഭിച്ച അക്കാദമി സ്കൂൾമാനേജ്‌മെന്റിന്റെ നിർലോഭസഹകരണത്തോടെ നാട്ടുകാരുടെയും കായികപ്രേമികളുടെയും പ്രോത്സാഹനത്തോടെ പടിപടിയായി വളരുകയായിരുന്നു.






