തിരുവമ്പാടി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ അനധികൃതമായി മാലിന്യം തള്ളാനെത്തിയ വാഹനം പിടികൂടി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ അനധികൃതമായി മാലിന്യം തള്ളാനെത്തിയ ടിപ്പർ വാഹനം പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടും സംഘവും പിടികൂടി. തിരുവമ്പാടി ടൗണിൽ നിന്നുള്ള മാലിന്യശേഖരണം ഇന്നലെ മുതൽ ഹരിത കർമ്മ സേന പുനരാരംഭിച്ചിരുന്നു. ഹരിത കർമ്മ സേനയുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും സംഘത്തിനും സ്ഥലത്തെത്തിയപ്പോൾ ഹരിത കർമ്മ സേനയുടെ പ്രവർത്തകരെ കാണാൻ കഴിഞ്ഞില്ല, ശേഖരിച്ച മാലിന്യം തരം തിരിക്കാതെ കുമിഞ്ഞുകൂടിയ മാലിന്യത്തിനു മുകളിൽ തന്നെ നിക്ഷേപിച്ച സ്‌ഥിതിയിലും കാണാനിടയായി.
ഇതിനിടയിലാണ് മാലിന്യം കയറ്റിയ KL 57 A 6981 നമ്പർ വാഹനം മാലിന്യവുമായി എത്തിയത്. ഡ്രൈവർ ഉൾപ്പെടെ 4 പേര് അടങ്ങിയ സംഘമാണ് മാലിന്യം തള്ളാൻ എത്തിയത്. വീട് പോളിച്ചതിൻ്റെ അവശിഷ്ടങ്ങളാണ് ഏറെയും വാഹനത്തിൽ ഉണ്ടായിരുന്നത്. തിരുവമ്പാടി പോലീസും സ്ഥലത്തെയിരുന്നു. ശാസ്ത്രീയമല്ലാത്ത ഹരിത കർമ്മ സേനയുടെ പ്രവർത്തനം മൂലം സംസ്കരണ കേന്ദ്രം മാലിന്യ കൂമ്പാരമാകുമ്പോൾ അതിൻ്റെ ബാധ്യത ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തലയിൽ വച്ച്കെട്ടുകയും വാർത്തകൾ സൃഷ്ടിക്കുകയും ചെയ്യുന്നവർക്ക് ശക്തി പകരുന്ന ഇത്തരം സമീപനം സ്വീകരിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ന് മാലിന്യം തള്ളിയ വാഹന ഉടമക്കെതിരെ ഫൈൻ ചുമത്തുമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡൻറ് കെ എ അബ്ദുറഹിമാൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി കൊല്ലളത്തിൽ, സെക്രട്ടറി ബിബിൻ ജോസഫ്, അസി.സെക്രട്ടറി മനോജ്, വി ഇ ഒമാരായ റൈഷ, റുബീന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.







