പാഴ്‌വസ്തുക്കൾ ശേഖരിച്ചും കല്ലും മണ്ണും ഉൾപ്പെടെയുള്ള നിർമാണ വസ്തുക്കൾ ചുമന്നും വിദ്യാർഥികൾ ഒരുക്കിയ പൊതുവേദിക്ക് പുരസ്കാരം

മുക്കം : പാഴ്‌വസ്തുക്കൾ ശേഖരിച്ചും കല്ലും മണ്ണും ഉൾപ്പെടെയുള്ള നിർമാണ വസ്തുക്കൾ ചുമന്നും വിദ്യാർഥികൾ ഒരുക്കിയ പൊതുവേദിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുരസ്കാരം. സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്.എസ്. തനതിടം പദ്ധതിക്കുള്ള പുരസ്കാരമാണ് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിനെ തേടിയെത്തിയത്. സ്കൂളിൽ കാടുമൂടിക്കിടന്ന സ്ഥലത്ത് തനതിടം പദ്ധതിയുടെ ഭാഗമായി നിർമിച്ച ഓപ്പൺ സ്റ്റേജ് ആൻഡ് ഓഡിറ്റോറിയമാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
സ്കൂളിൽ ഓപ്പൺ സ്റ്റേജ് ഇല്ലാത്തതിന്റെ ദുരിതങ്ങൾ ആലോചിച്ചപ്പോഴാണ് എൻ.എസ്.എസ്. തനതിടം പദ്ധതിയുടെ ഭാഗമായി സ്റ്റേജ് നിർമിക്കാമെന്ന് അധ്യാപകരും വിദ്യാർഥികളും തീരുമാനിച്ചത്. എങ്ങനെ പണം സമാഹരിക്കാമെന്ന ആലോചനയാണ് സ്‌ക്രാപ്പ് ചലഞ്ചിലെത്തിയത്. വീടുകളിൽനിന്നും മറ്റും പാഴ് വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തി വിദ്യാർഥികൾ രണ്ടു ലക്ഷത്തോളം രൂപ സമാഹരിച്ചപ്പോൾ, ശമ്പളത്തിന്റെ ഒരുവിഹിതം നൽകി അധ്യാപകരും പിന്തുണ അറിയിച്ചു. പൂർവ അധ്യാപകർ 2.1 ലക്ഷം രൂപകൂടി നൽകിയതോടെ നാലുമാസംകൊണ്ട് എട്ടരലക്ഷം ചെലവിൽ സ്റ്റേജ് നിർമിച്ചു.
ലോഡ് കണക്കിന് മാലിന്യമാണ് വിദ്യാർഥികൾ ശേഖരിച്ച് കയറ്റി അയച്ചത്. കൂടാതെ, പൂന്തോട്ട നിർമാണത്തിന് കല്ലും മണ്ണും ചുമക്കുകയുംചെയ്തു. ഉപയോഗ ശൂന്യമായ നോട്ട്-ടെസ്റ്റ് പുസ്തകങ്ങൾ, മാസികകൾ, പത്രങ്ങൾ, ഇരുമ്പ്, പ്ലാസ്റ്റിക്, സ്റ്റീൽ, അലുമിനിയം, കാർഡ്‌ബോഡ്, ഇലക്‌ട്രോണിക് മാലിന്യങ്ങൾ തുടങ്ങിയവയെല്ലാം ശേഖരിച്ചു. ശേഖരിച്ച മാലിന്യം വിദ്യാലയത്തിൽ എത്തിച്ച് വിദ്യാർഥികൾ തന്നെ തരംതിരിച്ച് ലോറിയിൽ കയറ്റി അയക്കുകയായിരുന്നു. ഇസ്‌ലാഹിയ അസോസിയേഷന്റെയും ചേന്ദമംഗലൂരിലെ 14 റെസിഡന്റ്സ് അസോസിയേഷനുകളുടെയും നാട്ടുകാരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെയാണ് പാഴ് വസ്തുക്കൾ ശേഖരിച്ചത്.







