മലയോരഹൈവേ നിർമാണം: കൂന്പാറയിലെ പ്രദേശവാസികൾക്ക് ദുരിതം

തിരുവമ്പാടി : മലയോര ഹൈവേയുടെ നിർമാണത്തെത്തുടർന്ന് മേലെ കൂമ്പാറതാഴ്‌വാരങ്ങളിൽ താമസിക്കുന്നവർക്ക് ദുരിതം. നിർമാണപ്രവൃത്തി കാരണം ഉയർന്നഭാഗം കരിങ്കല്ലുപയോഗിച്ചു കെട്ടിപ്പൊക്കി മണ്ണിട്ടുനികത്തി. ഇതുമൂലം ശക്തമായമഴയിൽ വെള്ളവും ചെളിയും വീടുകളിലേക്ക് കുത്തിയൊലിച്ചെത്തുകയാണ്. കൂമ്പാറ ഫാത്തിമാബി ഹയർസെക്കൻഡറി സ്കൂൾ അടുക്കളഭാഗത്താണ് മലവെള്ളം കുത്തിയൊലിച്ചെത്തുന്നത്. യു.പി. സ്കൂൾ ക്ലാസ്‌മുറികളുടെ പരിസരത്തും വെള്ളം തളംകെട്ടിക്കിടക്കുകയാണ്.
ചെങ്കുത്തായ പ്രദേശമാണിത്. ഷീറ്റ് പാകിയതും ഓടിട്ടതും ഉൾപ്പെടെ മൂന്നുവീടുകളുടെ സ്ഥിതി അതിശോചനീയമാണ്. പുരയിടങ്ങൾ ആകെ മണ്ണും ചെളിയും അടിഞ്ഞുകൂടിക്കിടക്കുന്നു. കൃഷിയിടങ്ങൾ കിടങ്ങായിമാറിയിട്ടുണ്ട്. വീട്ടിലേക്കുള്ള വഴിപോലും നാമാവശേഷമായതായി പാറടിയിൽ ജോർജ് പറയുന്നു. കൂറ്റൻ പാറക്കെട്ടുകൾ അത്യുഗ്ര സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പൊട്ടിക്കുന്നതിനാൽ വീടിനും കേടുപാട് സംഭവിച്ചു. കുഴൽക്കിണർ മണ്ണും ചെളിയും മൂടി പ്രവർത്തനരഹിതമായി. കളക്ടർ, കെ.ആർ.എഫ്.ബി., ദുരന്തനിവാരണസമിതി എന്നിവർക്ക് പരാതികൾ സമർപ്പിച്ചിട്ട് നാളുകളേറെയായെങ്കിലും ഒരുനടപടിയും ഉണ്ടായില്ല.
മലയോര ഹൈവേ തിരുവമ്പാടി റീച്ചിലെ കോടഞ്ചേരി-കക്കാടംപൊയിൽ റോഡ് പ്രവൃത്തിയുടെ ഭാഗമായാണ് ഇവിടെ നിർമാണപ്രവൃത്തി നടക്കുന്നത്. ജില്ലയിൽ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ വരുന്ന കോടഞ്ചേരി, പുലിക്കയം, നെല്ലിപ്പൊയിൽ, ഇലന്തുകടവ്, പുല്ലൂരാംപാറ, പുന്നക്കൽ, കൂടരഞ്ഞി കരിങ്കുറ്റി, പോസ്റ്റ് ഓഫീസ് ജങ്‌ഷൻ, കൂമ്പാറ, മേലേകൂമ്പാറ, ആനക്കല്ലുംപാറ, അകമ്പുഴ, താഴെ കക്കാട്, കക്കാടംപൊയിൽ വഴിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. മലപ്പുറം ജില്ലയിലെ നിലമ്പൂരുമായി ബന്ധിപ്പിക്കും.







