Mukkam

അനധികൃത കെട്ടിടനിർമാണമെന്ന പരാതിയിൽ പരിശോധനനടത്തി

മുക്കം : സംസ്ഥാന പാതയോരത്ത് അനധികൃത കെട്ടിടനിർമാണം നടക്കുന്നുവെന്ന പരാതിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് റീജണൽ ജോ. ഡയറക്ടർ പരിശോധനനടത്തി. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം പി.സി. ജങ്ഷന് സമീപത്ത് നിർമാണപ്രവൃത്തി പുരോഗമിക്കുന്ന കെട്ടിടത്തിലാണ് റീജണൽ ജോ. ഡയറക്ടർ ഡി. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനനടത്തിയത്. പ്രദേശത്തെ ഭൂവുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നിർമാണപ്രവൃത്തി നടക്കുന്ന സ്ഥലത്ത് മുൻപ് ഒരു കെട്ടിടമുണ്ടായിരുന്നു. ഏഴു കോടി രൂപ ചെലവിൽ നടക്കുന്ന മുക്കം നഗരസൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി ഓവുചാൽ നിർമിക്കാൻ കെട്ടിടത്തിന്റെ മുൻഭാഗം പൊളിച്ചു മാറ്റിയിരുന്നു. ഇതിനു ശേഷം കെട്ടിടം ബലപ്പെടുത്താൻ അനുമതിതേടി കെട്ടിടഉടമ നഗരസഭയിൽ അപേക്ഷ നൽകുകയായിരുന്നു. അദാലത്തിലൂടെ അപേക്ഷ പരിഗണിച്ച നഗരസഭാ അധികൃതർ കെട്ടിടം ബലപ്പെടുത്താനാവശ്യമായ അനുമതിനൽകി.

എന്നാൽ, നിലവിലുള്ള കെട്ടിടത്തിന്റെ ഇരുഭാഗത്തുമായി നിർമാണം നടത്തിയതിനെ തുടർന്ന് നഗരസഭാ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു. നിർമാണപ്രവൃത്തികൾ നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടും രാത്രിയിലും മറ്റും നിർമാണപ്രവൃത്തികൾ തുടർന്നു. ഇതോടെ നഗരസഭാ അധികൃതരെത്തി നിർമാണം നിർത്തിവെപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button