ഹോമിയോ ആശുപത്രി റോഡ് തകർന്ന് വൻ കിടങ്ങുകൾ രൂപപ്പെട്ടു

തിരുവമ്പാടി : ഗവ. ഹോമിയോ ആശുപത്രി, മൃഗാശുപത്രി, കൃഷിഭവൻ എന്നിവിടങ്ങളിലേക്കുള്ള റോഡ് തകർന്ന് വൻ കിടങ്ങുകൾ രൂപപ്പെട്ടു. വാഹനഗതാഗതവും കാൽനടയാത്രയും ഒരേപോലെ ദുഷ്‌കരമായതോടെ രോഗികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുകയാണ്. ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരത്തെ റോഡിനെയാണ് അറ്റകുറ്റപ്പണികൾപോലും നടത്താതെ അവഗണിക്കുന്നത്.
വർഷത്തിലേറെയായി റോഡ് പാടെ തകർന്നുകിടക്കുകയാണ്. കറ്റിയാട് പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങളും ആശ്രയിക്കുന്ന റോഡാണിത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടിൽ 10 അടി വീതിയിൽ ടാറിങ് നടത്തിയിരുന്ന റോഡ് നിർദിഷ്ട കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ റോഡായി മാറ്റിയപ്പോൾ വീതി കൂട്ടുന്നതിനായി വെട്ടിപ്പൊളിച്ചു നശിപ്പിച്ചതാണെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ കുറെ വർഷങ്ങളായി തദ്ദേശവാസികൾ തന്നെ ക്വാറി അവശിഷ്ടങ്ങൾ ഇറക്കി റോഡു നന്നാക്കുകയാണ് ചെയ്തുവരുന്നത്. കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ നിർമാണ നടപടികൾ വൈകുന്നതിനാൽ റോഡിന്റെ ശോച്യാവസ്ഥയും തുടരുകയാണ്. കൃഷിഭവൻ പുതുക്കിപ്പണിയുന്നതിനാൽ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് ടിപ്പറുകളും മറ്റും കൂടുതൽ ഓടിത്തുടങ്ങിയതോടെ റോഡിലെ കുഴികൾ കൂടുതൽ ആഴത്തിലായി.







