നന്മയുള്ളവർ കൈകോർത്തു; മൂന്നുകുടുംബങ്ങൾക്ക് വീടായി

കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് മാട്ടുമുറിയിലെത്തിയാൽ ഒരുനാടിന്റെ നന്മയുടെ പ്രതീകങ്ങളായി മൂന്ന് മനോഹരഭവനങ്ങൾ കാണാം. വിവിധ സർക്കാർപദ്ധതികളിൽ അപേക്ഷകൾ നൽകി കാത്തിരുന്നുമടുത്ത് നിരാശരായി കഴിഞ്ഞുവന്ന കുടുംബങ്ങളെ കരകയറ്റാൻ മുന്നിട്ടിറങ്ങിയ ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർ ശിഹാബ് മാട്ടുമുറിക്കൊപ്പം ഒരുപാട് സുമനസ്സുകൾ കൈകോർത്തതിന്റെ സത്‌ഫലമാണ് ഈ പുത്തൻ വീടുകൾ.
മാട്ടുമുറി കോളനിയിൽ വീടും വഴിയും വെള്ളവുമില്ലാതെ കുടുംബങ്ങൾ ദുരിതജീവിതം നയിക്കുന്നത് ‘മാതൃഭൂമി’ വാർത്തയാക്കിയിരുന്നു. ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്നാംവാർഡ് സ്ഥാനാർഥിയായി മത്സരിച്ച ശിഹാബ് മാട്ടുമുറി ‘നന്മവിളയും നാട് വളരും’ എന്ന പേരിൽ പുറത്തിറക്കിയ പ്രകടനപത്രികയിൽ മാതൃഭൂമി ചൂണ്ടിക്കാട്ടിയ വീടുൾപ്പെടെ കോളനിയുടെ പരാധീനതകൾക്ക് പരിഹാരമുണ്ടാക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു.
തിരഞ്ഞെടുപ്പിനുശേഷം വാർഡ് മെമ്പറായ ശിഹാബ് കോളനിക്കാരുടെ പരാതികൾ പരിഹരിക്കാൻ രംഗത്തിറങ്ങിയപ്പോഴാണ് സർക്കാരിന്റെ പദ്ധതികളിൽനിന്ന് തുക ഉടനെ ലഭിച്ച് വേഗത്തിൽ കാര്യം നടത്താനുള്ള തടസ്സങ്ങൾ മനസ്സിലാക്കുന്നത്.







