കൊടിയത്തൂരിൽ അങ്കണവാടികൾക്കെല്ലാം സ്വന്തം കെട്ടിടമായി

കൊടിയത്തൂർ : മുഴുവൻ അങ്കണവാടികളും സ്വന്തം കെട്ടിടത്തിൽ എന്ന നേട്ടം കൈവരിച്ച് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത്. സ്വന്തമായി കെട്ടിടമില്ലാതിരുന്നത് പൊലുകുന്നത്ത് അങ്കണവാടിക്കായിരുന്നു. ഈ അങ്കണവാടിക്കും കെട്ടിടമായതോടെ പഞ്ചായത്തിലെ 26 അങ്കണവാടികൾക്കും സ്വന്തംകെട്ടിടമെന്ന നേട്ടത്തിലേക്കുയർന്നു. മാത്രമല്ല കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മുഴുവൻ അങ്കണവാടികൾക്കും സ്വന്തംകെട്ടിടമായ ആദ്യ ഗ്രാമപ്പഞ്ചായത്തായും കൊടിയത്തൂർ മാറി.
22 ലക്ഷം രൂപ ചിലവഴിച്ചാണ് പൊലുകുന്ന് പുളിക്കൽ ആമിനക്കുട്ടി സ്മാരക അങ്കണവാടിക്ക് കെട്ടിടം നിർമിച്ചത്. 10 ലക്ഷം രൂപ ചെലവിൽ ചുറ്റുമതിലും നിർമിച്ചു. കെട്ടിടനിർമാണത്തിനുള്ള സ്ഥലം പൊതുജനപങ്കാളിത്തത്തോടെ പണം സമാഹരിച്ച് കണ്ടെത്തുകയായിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിലാണ് നടന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ഷിബു ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബാബു പൊലുകുന്നത്ത് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ആയിഷ ചേലപ്പുറം, മറിയം കുട്ടിഹസ്സൻ, യു.പി. മമ്മദ്, രതീഷ് കളക്കുടിക്കുന്ന്, വി. ഷംലൂലത്ത്, ടി.കെ. അബൂബക്കർ, മജീദ് രിഹ്ല, ഫാത്തിമ നാസർ, ഐസിഡിഎസ് സൂപ്പർവൈസർ കെ. അറഫ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മുൻ ഐസിഡിഎസ് സൂപ്പർവൈസർ പി.കെ. ലിസ, കെട്ടിടം ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ പ്രവർത്തിച്ച എൻജിനിയറിങ് വിഭാഗം, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരെ ആദരിച്ചു.







