കോവിഡ് ഭീതിക്കിടയിൽ എസ്എസ്എൽസി , ഹയർസെക്കൻഡറി പരീക്ഷ തുടങ്ങി

കോഴിക്കോട് ∙ കോവിഡ്–19 രോഗഭീതി നിലനിൽക്കെ എസ്എസ്എൽസി , ഹയർസെക്കൻഡറി പരീക്ഷകൾ തുടങ്ങി. ജില്ലയിലെ 199 കേന്ദ്രങ്ങളിലായി 44,460 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷയ്ക്കിരുന്നത്. ഇതിൽ 21,246 പേർ പെൺകുട്ടികളും 23,214പേർ ആൺകുട്ടികളുമാണ്. 198 കേന്ദ്രങ്ങളിലായി 46,545 പേർ ഹയർസെക്കൻഡറി പരീക്ഷ എഴുതി. 24,083 ആൺകുട്ടികളും 22,462 പെൺകുട്ടികളും. വിവിധ കേന്ദ്രങ്ങളിലായി വിഎച്ച്‌എസ്‌ഇ പരീക്ഷയും ആരംഭിച്ചു.
ആദ്യമായാണ് ഈ 3 പരീക്ഷകളും ഒരേ സമയത്ത് നടത്തുന്നത്. ഏറ്റവും കൂടുതൽ പേർ എസ്എസ്എൽസി പരീക്ഷയ്ക്ക് ഇരുന്നത് എളേറ്റിൽ എംജെഎച്ച്എസ്എസിലാണ്.1027 കുട്ടികൾ. ഫറോക്ക് ഗവ.ഗണപത് എച്ച്എസ്എസിൽ 1007 പേരും മേമുണ്ട എച്ച്എസ്എസിൽ 876 പേരും പരീക്ഷ എഴുതി. ഒരു ദിവസം ഒരു വിഷയം എന്ന ക്രമം അനുസരിച്ച് എസ്എസ്എൽസി പരീക്ഷ 26 വരെ നീളും.
ട്രഷറികളിലും ബാങ്കുകളിലുമായി സൂക്ഷിച്ചിരിക്കുന്ന ചോദ്യക്കടലാസുകൾ അതതു ദിവസം രാവിലെ 6ന് ആണ് പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുന്നത്. കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റിയാണ് പരീക്ഷാസംബന്ധമായ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. അതിനിടെ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് ഉത്തര കടലാസുകൾക്കൊപ്പം സ്കൂൾ ചുമതലയുള്ള പരീക്ഷാ ചീഫിന് കൈമാറേണ്ട ഫോമുകൾ കിട്ടാത്തതു കൊണ്ട് പല സ്കൂളിലും ഉത്തരക്കടലാസ് അയയ്ക്കേണ്ട നടപടികൾക്ക് കാലതാമസം നേരിട്ടു.
ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ കുറ്റപ്പെടുത്തി. ഉത്തരക്കടലാസുകൾ ഏതു കേന്ദ്രത്തിലേക്കാണ് അയയ്ക്കേണ്ടതെന്ന കാര്യത്തിൽ വ്യക്തമായ നിർദേശം ലഭിക്കാത്തതിനാൽ ചിലയിടത്ത് സ്കൂളുകളിലെ അലമാരയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. സോഫ്റ്റ്‌വെയറിലുണ്ടായ കുഴപ്പം പരിഹരിക്കാത്തതു കാരണം
ഇന്നു നടത്താനിരിക്കുന്ന പരീക്ഷയുടെ വിവരങ്ങൾ ചീഫ് സൂപ്രണ്ടുമാർക്ക് ലഭിച്ചിട്ടില്ല. പരീക്ഷകൾ കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുനീർ ആവശ്യപ്പെട്ടു. ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിലെ വീഴ്ചയ്ക്ക് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നു ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ( എച്ച്എസ്എസ്ടിഎ) സംസ്ഥാന പ്രസിഡന്റ് ആർ.രാജീവൻ, സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം.ജോർജ് എന്നിവർ ആവശ്യപ്പെട്ടു.
FROM ONMANORAMA…
Read more at: https://www.manoramaonline.com/district-news/kozhikode/2020/03/11/kozhikode-sslc-and-hss-examinations-started-in-the-presence-of-kovid-19.html







