തിരുവമ്പാടിയിൽ സ്വകാര്യ ഭൂമി മണ്ണിട്ട് നികത്തിയ വിഷയത്തിൽ; നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശം

തിരുവമ്പാടി: തിരുവമ്പാടി വില്ലേജിൽ റീസർവ് 78 ൽ ഉൾപ്പെട്ട തിരുവമ്പാടി ഹൈസ്കൂൾ റോഡിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃതമായി മണ്ണിട്ട് നികത്തിയത് അടിയന്തര നടപടി സ്വീകരിക്കാൻ കോഴിക്കോട് ജില്ലാ കളക്ടർക്ക് ലാൻഡ് റവന്യൂ കമ്മീഷണർ നിർദ്ദേശം നൽകി.
2010-ൽ സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയ 78 റിസർവ്വേ ഭൂമിയിൽ ബീവറേജ് ഔട്ട്ലെറ്റിലേക്ക് പോകാനുള്ള വഴി നിർമ്മിക്കുകയും, ഗ്യാസ് ഗോഡൗൺ നിർമ്മിക്കുകയും, കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് വാടകയ്ക്ക് നൽകുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് പഞ്ചായത്തിനും, റവന്യൂ അധികാരികൾക്കും, ജില്ലാ കളക്ടർക്കും നിരവധി പരാതികൾ തിരുവമ്പാടി സ്വദേശിയായ പൊതു പ്രവർത്തകൻ ആനടിയിൽ സൈതലവി നൽകിയിരുന്നു. തുടർന്നും നടപടിയില്ലാതെ വന്നതിനെ തുടർന്ന് ലാൻഡ് റവന്യൂ കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കാനും കോഴിക്കോട് ആർ.ഡി.ഓ ഉത്തരവ് പ്രകാരം നിലംപൂർവ സ്ഥിതിയിലാക്കാനും കമ്മീഷണറുടെ ഓഫീസിൽ നിന്നോ സർക്കാരിന്റെയോ നടപടി ആവശ്യമെങ്കിൽ വ്യക്തമായ ശുപാർശ റിപ്പോർട്ട് നൽകാനും കോഴിക്കോട് ജില്ലാ കലക്ടർക്ക് ലാൻഡ് റവന്യൂ കമ്മീഷണർ നിർദ്ദേശം നൽകിയത്.







