Kerala

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; എട്ട് പേർ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 24 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള അഞ്ചു പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലുപേർക്കും കോട്ടയം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള മൂന്നു പേർക്ക് വീതവും തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്ന് രണ്ടുപേർക്ക് വീതവും ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശത്തു നിന്നും(യുഎഇ-8, കുവൈറ്റ്-4, ഖത്തർ1, മലേഷ്യ1) 10 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും (മഹാരാഷ്ട്ര-5, തമിഴ്‌നാട്-3, ഗുജറാത്ത്-1, ആന്ധ്രപ്രദേശ്-1) വന്നവരാണ്.

അതേസമയം, രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന എട്ടുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. വയനാട് ജില്ലയിൽനിന്നും അഞ്ചു പേരുടെയും (ഒരു മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളിൽനിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

സംസ്ഥാനത്ത് നിലവിൽ 177 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 510 പേർ രോഗമുക്തരായി. എയർപോർട്ട് വഴി 5,495 പേരും സീപോർട്ട് വഴി 1,621 പേരും 332ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയിൽവേ വഴി 2136 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയത്. വിവിധ ജില്ലകളിലായി 80,138 പേർ നിരീക്ഷണത്തിലാണ്. 79,611 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 527 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Articles

Leave a Reply

Back to top button