മജ്‌ലിസ് മദ്രസ്സ ഫെസ്റ്റ് ഡിസംബർ 25ന് കൊടിയത്തൂരിൽ; സംഘാടക സമിതി രൂപികരിച്ചു

കൊടിയത്തൂർ: കേരള മദ്റസ എജ്യുക്കേഷൻ ബോർഡിന് കീഴിൽ നടക്കുന്ന കോഴിക്കോട് വയനാട് മേഖല മജ്‌ലിസ് മദ്രസ്സ ഫെസ്റ്റ് ഡിസംബർ 25ന് കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്‌കൂളിൽ നടക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
മദ്റസ, ക്ലസ്റ്റർ തലങ്ങളിലൂടെ വിജയികളായ രണ്ടായിരത്തോളം സർഗ്ഗ പ്രതിഭകൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും. സൗത്ത് കൊടിയത്തൂർ ദഅവാ സെന്ററിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറൽ സെക്രട്ടറി എം.സി സുബ്ഹാൻ ബാബു ഉദ്‌ഘാടനം ചെയ്തു. കേരള മദ്റസ എജ്യുക്കേഷൻ ബോർഡ് അസിസ്റ്റൻഡ് ഡയറക്റ്റർ നൗഷാദ് മേപ്പാടി അധ്യക്ഷത വഹിച്ചു.
സെക്ഷൻ ഓഫീസർ സിദീഖുൽ അക്ബർ ഫെസ്റ്റ് വിശദീകരണം നടത്തി. മേഖലാ മജ്‌ലിസ് ഫെസ്റ്റ് പോസ്റ്ററിന്റെ റിലീസിംഗ് കർമവും ചടങ്ങിൽ നടന്നു. പ്രിൻസിപ്പാൾ കൗൺസിൽ കോഴിക്കോട് സൗത്ത് പ്രസിഡണ്ട് ശിഹാബുൽ ഹഖ്, ചെയർമാൻ ഇ.എൻ.റസാഖ് തുടങ്ങിയവർ സംസാരിച്ചു.







