ആദിവാസികളുടെ പുനരധിവാസം; സ്ഥലമെടുപ്പ് നടത്തിയതിൽ അന്വേഷണം വേണമെന്ന് ആം ആദ്മി പാർട്ടി

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം ഭൂരിഭാഗവും ഭവന നിർമ്മാണത്തിന് അനുയോജ്യമല്ലാത്ത പാറക്കെട്ടുകൾ നിറഞ്ഞതാണെന്ന് ആം ആദ്മി പാർട്ടി. പ്രസ്തുത സ്ഥലത്ത് കോളനി രൂപം കൊള്ളുമ്പോൾ ഉണ്ടാവുന്ന കക്കൂസ് മാലിന്യങ്ങൾ സംസ്കരിക്കുവാൻ സാധിക്കുകയില്ലെന്നും ഇതുമൂലം ഉണ്ടാകുന്ന പരിസര മലിനീകരണം കോളനി നിവാസികൾക്കും സമീപവാസികൾക്കും വലിയൊരു വിപത്തായി തീരുമെന്നും പാർട്ടി ആരോപിക്കുന്നു.
ഇത്തരത്തിലുള്ള ഭൂമി തിരഞ്ഞെടുക്കുവാൻ തീരുമാനമെടുത്തതിൽ സാമ്പത്തിക അഴിമതിയുണ്ടോ എന്ന് സംശയിക്കുന്നതായും വിഷയത്തിന്മേൽ ബന്ധപ്പെട്ട അധികാരികൾ പഠനം നടത്തണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. യോഗത്തിൽ കോടഞ്ചേരി പഞ്ചായത്ത് കൺവീനർ ക്യൂൻ ഷാജി അധ്യക്ഷത വഹിച്ചു. അബ്രഹാം വാമറ്റം, ജോൺസൺ കോടഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.






