കച്ചവടലൈസൻസ് നൽകുന്നില്ല: മുക്കം നഗരസഭാ കാര്യാലയത്തിനുമുന്നിൽ സംരംഭകയുടെ നിൽപ്പുസമരം

മുക്കം: വായ്പയെടുത്ത് സ്വന്തം സ്ഥലത്ത് നിർമിച്ച വ്യാപാരസമുച്ചയത്തിന് കച്ചവടലൈസൻസ് നൽകാത്ത നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് നഗരസഭാ കാര്യാലയത്തിന് മുന്നിൽ സംരംഭകയുടെ നിൽപ്പുസമരം. മണാശ്ശേരി സ്വദേശി മഠത്തിൽത്തൊടിക ഷീബയും കുടുംബവുമാണ് മുക്കം നഗരസഭാ കാര്യാലയത്തിന് മുന്നിൽ സൂചനാ നിൽപ്പുസമരം നടത്തിയത്.
മണാശ്ശേരി അങ്ങാടിയോടുചേർന്ന സ്ഥലത്താണ് നാലുവർഷംമുൻപ് ബഹുനിലക്കെട്ടിടം നിർമിച്ചത്. കോവിഡ് ഒന്നാം തരംഗസമയത്ത് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്വാറൻറീനിൽ കഴിയാൻ ഈ കെട്ടിടം സൗജന്യമായി വിട്ടുനൽകിയിരുന്നു. കെട്ടിടത്തിൽ ഹോട്ടലും കൂൾബാറും ആരംഭിക്കാൻ ലൈസൻസിനായി നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും അധികൃതർ നിരസിക്കുകയായിരുന്നുവെന്ന് ഉടമ പറയുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് നഗരസഭാ കാര്യാലയത്തിന് മുന്നിൽ സമരം തുടങ്ങിയത്.
സമരം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നഗരസഭാ ചെയർമാൻ ഷീബയെയും കുടുംബത്തെയും ഓഫീസിലേക്ക് വിളിപ്പിക്കുകയും ഫയൽ പരിശോധിച്ച് നടപടി സ്വീകരിക്കാൻ സെക്രട്ടറിയോട് നിർദേശിക്കുകയും ചെയ്തു. അതേസമയം, അനുമതി നൽകിയതിനെക്കാൾ കൂടുതൽ നിലകൾ ഉണ്ടാക്കിയതിനാലാണ് കെട്ടിടത്തിന് വ്യാപാരലൈസൻസ് നൽകാതിരുന്നതെന്നും പുക്കിയ പ്ലാൻ സമർപ്പിക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും കെട്ടിടയുടമ ഇതുവരെ തയ്യാറായിട്ടില്ലെന്നും നഗരസഭാധികൃതർ പറഞ്ഞു.







