കാരശ്ശേരിയിൽ കുട്ടികളെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കാരശ്ശേരി: കാരശ്ശേരി മലാംകുന്നിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടുകുട്ടികളെയും ഒരു ആടിനെയും ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടികളെ ആക്രമിച്ചതിനുശേഷം പരിഭ്രാന്തിപരത്തി ഓടിയ നായ വാഹനംതട്ടി ചാവുകയായിരുന്നു. തുടർന്ന് നായയുടെ ജഡം വയനാട് വെറ്ററിനറി കോളേജിൽ എത്തിച്ച് നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ് ഗുരുതരപരിക്കുള്ള ഒരു കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതിൽ പരിഭ്രാന്തി വേണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത പറഞ്ഞു. കടിയേറ്റ കുട്ടികൾക്ക് പ്രതിരോധചികിത്സ നൽകുന്നതിനാൽ ആശങ്കവേണ്ടെന്നും മറ്റാർക്കും നായയുമായി അടുത്തസമ്പർക്കം ഉണ്ടായിട്ടില്ലെന്നും നായയുടെ കടിയേറ്റ ആടിനെ വ്യാഴാഴ്ച വെറ്ററിനറി ഡോക്ടർ പരിശോധിച്ചശേഷം തുടർനടപടി തീരുമാനിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
കാരശ്ശേരി പഞ്ചായത്തിലെ പൊതുവഴികളിലും അങ്ങാടികളിലുമെല്ലാം തെരുവുനായകൾ പെരുകുന്നത് പരിഹാരമില്ലാതെ തുടരുകയാണ്. മുക്കംകടവ് പാലം, മുണ്ടിത്തോട്, കാരമൂല, വല്ലത്തായിപ്പാറ, മുരിങ്ങംപുറായി, മലകുന്ന്, ഓടത്തെരുവ് തുടങ്ങിയിടത്തെല്ലാം തെരുവുനായകൾ വിലസുന്നത് സ്കൂളുകളിലേക്ക് നടന്നുപോകുന്ന കുട്ടികൾക്കാണ് കൂടുതൽ ഭീഷണി. അമിതമായി മാലിന്യം തള്ളുന്നതാണ് തെരുവുനായശല്യത്തിന് പ്രധാന കാരണമെന്ന് പരിസരവാസികൾ പറയുന്നു.






