കൂടരഞ്ഞിയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധം

കൂടരഞ്ഞി: കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ യുവ ജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. മലയോര ഹൈവേയുടെ കണക്ഷൻ റോഡായ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ-കൂടരഞ്ഞി ടൗൺ റോഡ് പ്രഥമ അലൈൻമെന്റിന് വിപരീതമായി കുത്തനെയുള്ള ഇറക്കമായി പുതിയ അലൈൻമെന്റ് രൂപീകരിച് നിർമ്മാണം നടത്തുന്നതിനെതിരെയാണ് പ്രക്ഷോഭവുമായി യുവ ജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി രംഗത്തെത്തിയത്.
കുത്തനെയുള്ള ഇറക്കം വാഹനാപകടങ്ങൾക്ക് വഴിവെക്കുമെന്നും കാലവർഷം ആകുമ്പോൾ വെള്ളക്കെട്ട് ഉണ്ടാകുവാൻ സാധ്യത ഏറെയാണെന്നും അതിനാൽതന്നെ അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിൽ നിന്ന് പിൻവാങ്ങി ആദ്യ അലൈൻമെന്റ് പ്രകാരമുള്ള റോഡ് നിർമ്മാണം നടത്തണമെന്ന് യുവ ജനതാദൾ ആവശ്യപ്പെട്ടു. യുവ ജനതാദൾ സംസ്ഥാന സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിൻസ് ആഗസ്റ്റ്യൻ, ജിനേഷ് തെക്കനാട്ട്, ഇമിൽ പ്ലാത്തോട്ടത്തിൽ, സുബിൻ പൂക്കളം, സത്യൻ പനക്കച്ചാൽ, അഖിൽ കരിങ്കണ്ണിയിൽ, അഭിജിത് മങ്കരയിൽ തുടങ്ങിയവർ സംസാരിച്ചു.







