മുക്കം നഗരസഭ വയോജന സംഗമം നടത്തി
മുക്കം: മുക്കം നഗരസഭയിലെ 33 ഡിവിഷനുകളിലേയും മുതിർന്ന പൗരന്മാരെ ഒന്നിച്ചു കൂട്ടി നഗരസഭ വയോജന സംഗമം 2023 നടന്നു. പ്രായം ചെന്നവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരസ്പരം പരിചയം പുതുക്കാനും കലാ പരിപാടികൾ അവതരിപ്പിക്കാനും മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ വേദിയൊരുക്കിയ വയോജന സംഗമത്തിൽ ജീവിത ശൈലീ രോഗങ്ങളുടെ പരിശോധനയും നടന്നു.
സംഗമം തിരുവാമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രായമാവർ വെറുതെയിരിക്കാതെ അവരുടെ അനുഭവസമ്പത്തു സാമൂഹ്യ പുരോഗതിക്കായി ഉപയോഗപ്പെടുത്താൻ തയ്യാറാവണമെന്ന് എം.എൽ.എ അനുസ്മരിപ്പിച്ചു. നഗരസഭാ ചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ റീജ ടി.പി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ സെക്രട്ടറി എം വിജില, ക്ഷേമകാര്യ സമിതി ചെയർമാൻ വി കുഞ്ഞൻ, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.ചാന്ദ്നി, ഇ സത്യനാരായണൻ, റുബീന, പ്രജിത പ്രദീപ്, കൗൺസിലർമാരായ അബ്ദുൾ ഗഫൂർ, അശ്വതി, ജോഷില, മധു, ബിന്ദു ബിന്നി, ഫാത്തിമ, ടി ബാലൻ, അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരിച്ചു.
‘പ്രായം ചെന്നവരുടെ മാനസിക വ്യാപാരങ്ങൾ’ എന്ന വിഷയത്തിൽ പേഴ്സനൽ ടെയ്നർ അനൂപ് ക്ലാസ് നൽകി. സംഗമത്തിൽ 90 വയസ്സ് കഴിഞ്ഞ മുതിർന്നവരെ ആദരിച്ചു. മുക്കം വിജയന്റെ നേതൃത്വത്തിൽ കലാപരിപാടികളുടെ അവതരണവും ശിവശങ്കരൻ, ഭാസ്ക്കരൻ എന്നിവരുടെ നേതൃത്വത്തിൽ വിഭവമൃദ്ധമായ സദ്യയും പരിപാടിയുടെ മാറ്റുകൂട്ടി.