എം.സി മുഹമ്മദ് ഹാജിയുടെ വിയോഗം നഷ്ടമായത് സൗമ്യഭാഷിയായ പൊതുപ്രവർത്തകനെ

കൂടരഞ്ഞി: ഇന്നലെ അന്തരിച്ച എം.സി മുഹമ്മദ് ഹാജിയുടെ വിയോഗം മൂലം കൂടരഞ്ഞിക്കും സമസ്തക്കും നഷ്ടമായത് സൗമ്യഭാഷിയായ പൊതുപ്രവർത്തകനെ.
കൂടരഞ്ഞി ടൗൺ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ പ്രസിഡൻ്റായി തുടർച്ചയായി 45 വർഷം സേവനം ചെയ്ത എം.സി, പരേതനായ മുഹമ്മദ് മോൻ ഹാജിയോടൊപ്പം ദാറുൽ ഉലൂം എൽ.പി സ്കൂളിന് തുടക്കം കുറിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. കൂടരഞ്ഞി ടൗൺ പളളി, കോലോത്തുംകടവ് ഖബ്ർ സ്ഥാൻ പളളി, ഹയാത്തുൽ ഇസ് ലാം മദ്റസ മുതലായവകളുടെ നിർമാണത്തിലും നവീകരണത്തിലും മുഖ്യപങ്ക് വഹിച്ചു. കാരമൂല
ദാറുസ്വലാഹ് ഇസ് ലാമിക് അക്കാദമി നിർവാഹക സമിതി അംഗവുമായിരുന്ന എം.സി മുഹമ്മദ് ഹാജി സമസ്തയെ നെഞ്ചേറ്റുകയും പണ്ഡിതൻമാരെ നിഷ്കളങ്കമായി ആദരിക്കുകയും ചെയ്തിരുന്ന പരോപകാരിയും അശരണരുടെ വലിയ അത്താണിയും കൂടിയായിരുന്നു.
കൂടരഞ്ഞിയിലെ ഏറ്റവും ശ്രദ്ധേയനായ ഒരു വ്യാപാരിയും, പൊതുരംഗത്തെ ആത്മാർഥ സേവകനെയുമാണ് എം.സിയുടെ വിയോഗത്തൊടെ മലയോര മേഖലയ്ക്ക് നഷ്ടമായത്.
മലയോര മേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സോഷ്യൽ വർക്കുകളിലും എം.സി യുടെ സാന്ത്വന സ്പർശനമുണ്ടായിരുന്നു.
ഒരിക്കൽ പോലും ദേഷ്യപ്പെടുകയോ, കയർത്തു സംസാരിക്കുകയോ ചെയ്യുന്നത് ഇതുവരെ കണ്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നത് അനുഭവസ്ഥർ തന്നെയാണ്. മരണ വാർത്ത അറിഞ്ഞതു മുതൽ വൻ ജനാവലിയാണ് അദ്ദേഹത്തിൻ്റെ മകൻ ആസാദ് ഹാജിയുടെ വീട്ടിലെത്തിയത്. ജന ബാഹുല്യം മൂലം മുക്കം കൂടരഞ്ഞി റോഡിൽ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു.
വീട്ടിൽ വച്ചു നടന്ന മയ്യിത്ത് നിസ്ക്കാരത്തിന് മകൻ ആസാദ് ഹാജിയും കോലോത്തുംകടവ് ഖബ്ർ സ്ഥാൻ പള്ളിയിൽ നടന്ന മയ്യിത്ത് നിസ്ക്കാരത്തിന് ദാരിമി ഇ.കെ. കാവനൂരും നേതൃത്വം നൽകി.







