Thiruvambady

തിരുവമ്പാടി-മണ്ടാംകടവ് റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി എങ്ങുമെത്തിയില്ല

തിരുവമ്പാടി: നവീകരണത്തിനുള്ള ടെൻഡർ നടപടികളായിട്ട് ഒരു വർഷം പിന്നിട്ടിട്ടും പി.ഡബ്ല്യു.ഡി. റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി എങ്ങുമെത്തിയില്ല. താഴെ തിരുവമ്പാടി-മണ്ടാംകടവ് (ഗെയിറ്റുംപടി) റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനാണ് കാലതാമസം നേരിടുന്നത്. നാലു കെട്ടിടങ്ങൾ ഉൾപ്പെടെ പത്തോളം കൈയേറ്റമാണ് ഒഴിപ്പിക്കാനുള്ളത്. വ്യാപാരസ്ഥാപനങ്ങളും മറ്റുമാണ് റോഡ് കൈയേറി പണിതിരിക്കുന്നത്. പുരയിടത്തിനായും മറ്റുമുള്ള ചുറ്റുമതിലിനായി നടത്തിയ നിർമിതികളുമുണ്ട്.

കുമാരനെല്ലൂർ, തിരുവമ്പാടി വില്ലേജുകളുടെ അധീനതയിൽപെടുന്ന പ്രദേശത്തായാണ് കൈയേറ്റം. തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം പരിസരം മാളുവമ്മ പാലംമുതൽ മുതിയോട്ടുമ്മൽ ഗെയിറ്റുംപടി ഭാഗങ്ങളിലെല്ലാം കൈയേറ്റം നടന്നിട്ടുണ്ട്. ഇതുമൂലം 6-7 മീറ്റർ വീതിയേ പലഭാഗത്തുമുള്ളൂ. വാഹനങ്ങൾ വശംകൊടുക്കാൻ പാടുപെടുന്നു

റോഡ് കൈയേറ്റത്തിനെതിരേ സ്വകാര്യവ്യക്തി 2019 സെപ്റ്റംബറിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉൾപ്പെടെയുള്ളവർക്ക് പരാതിനൽകിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷിക്കാൻ കോഴിക്കോട് പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർക്ക് മന്ത്രി നിർദേശം നൽകിയെങ്കിലും നടപടിയുണ്ടായില്ല.

റോഡിന്റെ അതിരുകൾ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി പി.ഡബ്ല്യു.ഡി. അസി. എൻജിനിയർ താമരശ്ശേരി ഭൂരേഖവിഭാഗം തഹസിൽദാർക്ക് നോട്ടീസ് നൽകിയിട്ട് ഒന്നരവർഷമായെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല. ഇതേത്തുടർന്ന് കഴിഞ്ഞമാസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും നിവേദനം നൽകിയതായി നാട്ടൊരുമ പൗരാവകാശ സമിതി നിർവാഹകസമിതി അംഗം സൈതവലി ആനടിയിൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button