കുപ്പായക്കോട് പാലം നിർമാണപ്രവർത്തി പുനരാരംഭിച്ചു

കോടഞ്ചേരി: ഒരു വർഷമായി മുടങ്ങിക്കിടന്ന കുപ്പായക്കോട് പാലം നിർമാണപ്രവർത്തി പുനരാരംഭിച്ചു. 2021ൽ ഒരു വർഷത്തെ നിർമാണ കാലാവധിയിൽ ആരംഭിച്ച പാലം പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ പഴയ കരാറുകാരനെ പി.ഡബ്ല്യു.ഡി പ്രവൃത്തിയിൽ നിന്നു നീക്കം ചെയ്തിരുന്നു. തുടർന്ന് നിർമാണം വീണ്ടും ടെൻഡർ ചെയ്യുകയും മഠത്തിൽ കൺസ്ട്രക്ഷൻസ് പുതിയ കരാർ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് പ്രവർത്തി വീണ്ടും ആരംഭിക്കാനായത്.
1 കോടി 37 ലക്ഷം രൂപയാണ് പുതിയ കരാർ തുക. 1 വർഷമാണ് നിർമ്മാണ കാലാവധി. പുതിയ പാലം നിർമ്മിക്കുന്നതിനായി 2021ൽ പഴയ പാലം പൊളിച്ചു നീക്കിയതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിലച്ചിരുന്നു. താത്കാലികമായി നിർമിച്ച നടപ്പാലം മാത്രമാണിപ്പോൾ ഇവിടെയുള്ളത്. അടിയന്തരമായി പാലം പ്രവർത്തി പൂർത്തിയാക്കി മഴയ്ക്ക് മുൻപേ പാലം ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് വാർഡ് മെമ്പർ ഷിൻജോ തൈക്കൽ ആവശ്യപ്പെട്ടു.






