പുതുപ്പാടി കുപ്പായക്കോട് മലബാര്‍ ക്രംബ്ബ് റബ്ബര്‍ ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കണം

പുതുപ്പാടി: കുപ്പായക്കോട് മലബാര്‍ ക്രംബ്ബ് റബ്ബര്‍ ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സി പി ഐ (എം) പുതുപ്പാടി – ഈങ്ങാപ്പുഴ ലോക്കല്‍ കമ്മിറ്റികളുടെ സംയുക്ത കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈങ്ങാപ്പുഴ – കോടഞ്ചേരി റോഡില്‍ തട്ടൂര്‍ പറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിക്ക് 5 ഏക്കറിലധികം സ്ഥലമുണ്ട്. നിലവിലുണ്ടായിരുന്ന യു ഡി എഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതതയുടെ ഭാഗമായാണ് 2009 മാര്‍ച്ച് 21-ന് ഫാക്ടറി അടച്ചുപൂട്ടിയത്.
77 സ്ഥിരം തൊഴിലാളികളും 32 താല്കാലിക തൊഴിലാളികള്‍ക്കുമാണ് ഫാക്ടറിയില്‍ നിന്ന് നേരിട്ട് തൊഴില്‍ ലഭിച്ചിരുന്നത്. നിരവധി പേര്‍ക്ക് അനുബന്ധമായും ജോലി ലഭിച്ചിരുന്നു. ഇതില്‍ 7 തൊഴിലാളികള്‍ ആനൂകൂല്യങ്ങളൊന്നും ലഭിക്കാതെ മരിച്ചു. തൊഴിലാളികള്‍ക്ക് ആ നൂകൂല്യങ്ങള്‍ നല്‍കുന്നതിനും മലയോര മേഖലയിലെ റബ്ബര്‍ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കാനും കഴിയുന്ന നിലയില്‍ ഫക്ടറിയെ മാറ്റാനും നടപടി വേണമെന്ന് സി പി ഐ എം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ്ജ് എം തോമസ് ഉദ്ഘാടനം ചെയ്തു.
കെ സി വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി ഏരിയാ സെക്രട്ടറി കെ ബാബു, ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി സി വാസു, പി കെ ബാബു, പുതുപ്പാടി ലോക്കല്‍ സെകട്ടറി പി കെ ഷൈജല്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ കമ്മിറ്റിയംഗം എം ഇ ജലീല്‍ പ്രമേയം അവതരിപ്പിച്ചു. ഏരിയാ കമ്മിറ്റിയംഗം ടി എ മൊയ്തീന്‍ സ്വാഗതവും ഈങ്ങാപ്പുഴ ലോക്കല്‍ സെക്രട്ടറി കെ ഇ വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു. പുതപ്പാടി – ഈങ്ങാപ്പുഴ ലോക്കല്‍ കമ്മിറ്റികള്‍ വിഭജിച്ച് മലപുറം ലോക്കല്‍ കമ്മിറ്റി രൂപീകരിച്ചു. പ്രഥമ ലോക്കല്‍ സെക്രട്ടറിയായി എം ഇ ജലീലിനേയും 13 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.







