പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി. സ്കൂൾ ഹരിതാഭയിൽ
കണ്ണോത്ത്: 1950-ൽ സ്ഥാപിതമായ സെൻ്റ് ആൻ്റണീസ് യു.പി. സ്കൂൾ, 2024-25 അധ്യയന വർഷത്തിൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി കേരള പിറവി ദിനമായ നവംബർ 1-ന് സ്‌കൂൾ അങ്കണത്തിൽ ഹരിതാഭ സമർപ്പണ ചടങ്ങുകൾ സംഘടിപ്പിച്ചു.
1950 മുതൽ 2024 വരെയുള്ള 75 ബാച്ചുകളിലെ ആദ്യ ബാച്ചിലെ സി.എം. തോമസും ഇപ്പോഴത്തെ ആദ്യ ക്ലാസ്സിലെ വിദ്യാർത്ഥിയും ഉൾപ്പെടെ 75 പേരുടെ പങ്കാളിത്തത്തോടെ 75 വൃക്ഷത്തൈകൾ നട്ടുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.
പ്രശസ്ത പിന്നണി ഗായികയും വോക്കൽ ട്രെയിനറുമായ ഐശ്വര്യ കല്യാണി ചടങ്ങിന്റെ മുഖ്യാതിഥിയായി. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. പ്ലാറ്റിനം ജൂബിലി കമ്മിറ്റി ചെയർമാനും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറുമായ അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.
പ്ലാറ്റിനം ജൂബിലി ചീഫ് കോഡിനേറ്റർ ഗിരീഷ് ജോൺ, നവംബർ 1 മുതൽ ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികളെ കുറിച്ച് വിശദീകരിച്ചു. അംബിക മംഗലത്ത്, ദേവസ്യ ദേവഗിരി, ഷിൻജോ തൈക്കൽ, ജെയ്സൺ കിളിവള്ളിക്കൽ എന്നിവർ പ്രസംഗിച്ചു. പ്ലാറ്റിനം ജൂബിലി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റോയി കുന്നപ്പള്ളിൽ സ്വാഗതവും ജനറൽ കൺവീനർ ഹെഡ്മാസ്റ്റർ ജോസ് പി.എ നന്ദിയും രേഖപ്പെടുത്തി.