കൊടിയത്തൂരിൽ മെഗാ ഇഫ്താർ മീറ്റും യാത്രയയപ്പും ആദരവും സംഘടിപ്പിച്ചു

കൊടിയത്തൂർ: ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക, യുവജന സംഘടന പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിത കർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി വർക്കർമാർ തുടങ്ങിയവരെ ഉൾക്കൊള്ളിച്ച് കൊടിയത്തൂരിൽ മെഗാ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പ് ആലുങ്ങൽ പാരമൗണ്ട് കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ അറുനൂറോളം പേർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും കയാക്കിംഗ് 2022 മാധ്യമ പുരസ്കാരം നേടിയ റഫീഖ് തോട്ടുമുക്കം, വള്ളംകളിയിൽ ഗ്രാമപഞ്ചായത്തിൻ്റെ അഭിമാനമായി മാറിയ സി.കെ.ടി.യു ചെറുവാടി ടീം എന്നിവർക്കുള്ള ആദരവും ചടങ്ങിനോടനുബന്ധിച്ച് നൽകി.
പരിപാടികൾ ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസി. ഷിഹാബ് മാട്ടുമുറി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ നദീറ, ആയിഷ ചേലപ്പുറത്ത്, മുക്കം എ.ഇ.ഒ ഓംകാരനാഥൻ, സി.പി ചെറിയ മുഹമ്മദ്, കെ.ടി മൻസൂർ, അസ്ലം ചെറുവാടി, ഡോ.മനു ലാൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വില്ലേജ് ഓഫീസ് ജീവനക്കാർ, കെ.എസ്.ഇ.ബി ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.







