Mukkam

വന സൗഹൃദ സദസ്സിന്റെ ഭാഗമായി മുക്കത്ത് വന സൗഹൃദ ചർച്ച നടത്തി

മുക്കം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനും ചർച്ച നടത്തുന്നതിനുമായി സംഘടിപ്പിക്കുന്ന വനസൗഹൃദ സദസ്സിന് മുന്നോടിയായി മുക്കത്ത് വന സൗഹൃദ ചർച്ച സംഘടിപ്പിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉൾക്കൊള്ളിച്ച് നടത്തിയ ചർച്ചയിൽ പഞ്ചായത്ത് തലത്തിലുള്ള വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് ചർച്ച ചെയ്തത്.

ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ് ദീപ ഐ.എഫ്.എസ് ആമുഖ പ്രഭാഷണം നടത്തിയ ചർച്ചയിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഷ്‌റഫ് മാസ്റ്റർ, ടി.പി മാധവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു, വിവിധ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായ മുഹമ്മദ് മോയത്ത്, അലക്സ് തോമസ്, മേഴ്സി പുളിക്കാട്ട്, ആദർശ് ജോസഫ്, വി.പി സ്മിത, ഷംലൂലത്ത്, വനം-വന്യജീവി വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചർച്ചയിൽ വിവിധ ത്രിതല പഞ്ചായത്തുകളെ പ്രതിനിധീകരിച്ചെത്തിയവർ തങ്ങളുടെ പഞ്ചായത്ത് പരിധികളിൽ നേരിടുന്ന വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കുകയും തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിയോജക മണ്ഡലത്തിലെ പൊതുവായ വിഷയങ്ങൾ പങ്കുവെക്കുകയും ചെയ്തു. ചർച്ചയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ, വകുപ്പ് മന്ത്രി തുടങ്ങിയവർ മറുപടി പ്രസംഗം നടത്തുകയും ശ്രദ്ധയിൽ പെട്ട വിഷയങ്ങളിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് പ്രതിനിധികൾക്ക് ഉറപ്പുനൽകുകയും ചെയ്തു.

Related Articles

Leave a Reply

Back to top button