Koodaranji
കുളിരാമുട്ടി ലിസാ വളവിൽ ടോറസ് നിയന്ത്രണം വിട്ട് അപകടം

കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി ലിസാ വളവിൽ കരിങ്കല്ലുമായെത്തിയ ടോറസ് നിയന്ത്രണം വിട്ട് അപകടം. ഉറുമി ഒന്നാംഘട്ട സർക്കാർ മിനി ജല വൈദ്യുതപദ്ധതി കനാലിന് തൊട്ടുമുകളിലാണ് അപകടം. വ്യാഴാഴ്ച രാത്രിയാണ് അധികഭാരം കയറ്റി കുന്നിറങ്ങിവരുകയായിരുന്ന ടോറസ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുനിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
നിർമാണത്തിലിരിക്കുന്ന പൂവാറൻതോട്, ഓളിക്കൽ സർക്കാർ മിനി ജലവൈദ്യുത പദ്ധതികൾക്കായി വ്യാപകമായി ഇവിടെനിന്ന് കരിങ്കല്ല് ഖനനം ചെയ്ത് കയറ്റി അയക്കുന്നുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ അധികഭാരം കയറ്റി വാഹനങ്ങൾ ചീറിപ്പായുന്നത് തങ്ങൾക്ക് ഭീഷണിയാകുന്നതായി നാട്ടുകാർ പറയുന്നു. വാഹനങ്ങളുടെ അധികഭാരം മൂലം കുളിരാമുട്ടി-പൂവാറൻതോട് റോഡിന്റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നതും അപകടങ്ങൾക്ക് വഴിവെയ്ക്കുന്നുണ്ട്.







